ഹജ്ജ്‌ ദുരന്തം; കാണാതായവരില്‍ മലപ്പുറം, കോഴിക്കോട്‌ സ്വദേശികളും

Untitled-2 copyമലപ്പുറം: ഹജ്ജിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ കാണാതായവരില്‍ മലപ്പുറം, കോഴിക്കോട്‌ സ്വദേശികളും. മലപ്പുറുത്തുള്ള രണ്ടുപേരെയും കോഴിക്കോട്‌ ഫറോക്കിലെ ഒരു കുടുംബത്തിലെ രണ്ടു പേരെയുമാണ്‌ കാണാതായത്‌.

മലപ്പുറം ഡൗണ്‍ഹില്‍ ചെകിടപ്പുറത്ത്‌ വീട്ടില്‍ കുഞ്ഞി മുഹമ്മദിന്റെ മകന്‍ സമീര്‍(40), പൊന്നാനി ഉറൂബ്‌ നഗര്‍ പുതുവീട്ടില്‍ കുഞ്ഞുമോന്‍(55), ഫറോക്ക്‌ കല്ലമ്പാറ കൊളങ്ങരവീട്ടില്‍ മുനീര്‍(38),ഭാര്യ ഷബ്‌നാസ്‌(32) മകന്‍ തായിഫ്‌(ഒന്നര) എന്നിവരെയാണ്‌ കാണാതായത്‌.

സൗദിയിലെ റിയാദില്‍ നിന്നുള്ള 37 പേരുള്ള സംഘത്തിനൊപ്പമാണ്‌ മുനീറും ഭാര്യ ഷബ്‌നാസും മകനും ഹജ്ജിന്‌ പോയത്‌. അപകടം നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌വരെ ഇവര്‍ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. ആറുമവര്‍ഷമായി റിയാദില്‍ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനാണ്‌ മുനീര്‍. ഒരുവര്‍ഷം മുമ്പാണ്‌ നാട്ടില്‍ വന്ന്‌ പോയത്‌. കെ എം സി സി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുമായും സൗദിയിലെ ഇന്ത്യന്‍ എംബസിയുമായും കുടുംബാഗങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്‌.

മലപ്പുറം സ്വദേശിയായ സമീര്‍ 15 വര്‍ഷമായി കുടംബസമേതം ജിദ്ദയിലാണ്‌. ഭാര്യ റസ്‌ലിക്കും മകനുമൊപ്പം സ്വകാര്യ ഗ്രൂപ്പ്‌ വഴിയാണ്‌ ഹജ്ജിന്‌ പോയത്‌. നിസാരപരിക്കുകളോടെ റസ്‌ലിയെ പോലീസ്‌ ബന്ധുക്കളുടെ അടുത്തെത്തിച്ചു. സമീറിനെ കാണാതായതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി വഴി അന്വേഷിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ മലപ്പുറം കളക്ടര്‍ക്ക്‌ നിവേദനം നല്‍കി.

റിയിദില്‍ അല്‍ അസീബ്‌ പെയിന്റ്‌ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ്‌ കാണാതായ കുഞ്ഞിമോന്‍ റിയാദില്‍ നുന്നും സ്വകാര്യഗ്രൂപ്പ്‌ വഴിയാണ്‌ ഹജ്ജിന്‌ പോയത്‌.