ഹജ്ജ്‌ ദുരന്തം; മരിച്ചവരില്‍ മലപ്പുറം സ്വദേശിയുള്‍പ്പെടെ നാലു മലയാളികള്‍

Untitled-1 copyമിനാ: ഹജ്ജ്‌ ദുരന്തത്തില്‍ മരിച്ചവരില്‍ മലപ്പുറം സ്വദേശിയുള്‍പ്പെടെ നാലു മലയാളികള്‍. റിയാദില്‍ നിന്നെത്തിയ മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ചക്കുവളവ്‌ ആശാരിത്തൊടി അബ്ദുറഹിമാന്‍ (51), കണ്ണൂര്‍ തലശ്ശേരി കണ്ണായാങ്കണ്ടി അബൂബക്കര്‍ ഹാജി, സ്വകാര്യ ഗ്രൂപ്പ്‌ വഴി ഹജ്ജിനെത്തിയ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ അഴീക്കോട്‌ കൊച്ചിക്കാരന്‍ വീട്ടില്‍ കുഞ്ഞബ്ദുവിന്റെ മകന്‍ മുഹമ്മദ്‌(63), കോട്ടയം അതിരമ്പുഴ കറുകച്ചേരില്‍ സജീവ്‌ ഉസ്‌മാന്റെ ഭാര്യ ഷിനി (36) എന്നിവരാണ്‌ മരിച്ചത്‌.

മരിച്ച ഷിനിയുടെ ഭര്‍ത്താവ്‌ സജീവ്‌ ഉസ്‌മാനെ കാണാതായി. മരിച്ച അബൂബക്കര്‍ ഹാജിയുടെ ഭാര്യ ജമീലയ്‌ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. മുഹമ്മദ്‌ കഴിഞ്ഞമാസം മൂന്നിനാണ്‌ മക്കയിലേക്ക്‌ പോയത്‌. ഭാര്യ ഐഷാബിയും സഹോദരി അലീമയും കൂടെയുണ്ടായിരുന്നു. മക്കള്‍: ഷെഫീഖ്‌(കുവൈത്ത്‌), ഷൈല, ഷെഫിത. മരുമക്കള്‍: നൗഫല്‍, നിസാര്‍, ഷന്നു.

അബ്ദുറഹ്മാന്‍ റിയാദിലെ പെയിന്റും മരഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയില്‍ ജോലിക്കാരനാണ്‌. ഭാര്യ സുലൈഖയും റിയാദിലായിരുന്നു. ഇവര്‍ അബദുറഹ്മാനൊപ്പം ഹജ്ജിന്‌ പോയിരുന്നു. പരിക്കേറ്റ ഇവര്‍ ആശുപത്രിയിലാണ്‌. . മക്കള്‍: അഷറഫ്‌(സൗദി), മുംതാസ്‌, ഹബീബ്‌ സല്‍മാന്‍. മരുമക്കള്‍: അബ്ദുള്‍ നിസാര്‍, സഹീറ. സഹോദരങ്ങള്‍: മുഹമ്മദ്‌. തിക്കിലും തിരക്കിലും ഷിനിയെയും കുട്ടിയെയും കാണാതായി. രാത്രിയോടെയാണ്‌ മരണം സ്ഥിരീകരിച്ചത്‌. മാന്നാര്‍ സ്വദേശിയാണ്‌ ഷിനി.