ഹാദിയക്ക് സുരക്ഷാഭീഷണിയില്ല;ദേശീയ വനിതാ കമ്മീഷന്‍

വൈക്കം: വിവാഹം റദ്ദാക്കപ്പെട്ട കോടതി ഉത്തരവിനെ തുടര്‍ന്ന് മാതാപിതാക്കളുടെ കൂടെ കഴിയുന്ന ഹാദിയക്ക് ഇപ്പോള്‍ നിലവില്‍ യാതൊരു സുരക്ഷാഭീഷണിയും ഇല്ലെന്ന് വനിതാ കമ്മീഷന്‍. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാശര്‍മ്മ ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഖിലയെന്ന ഹാദിയ വീട്ടില്‍ സുരക്ഷിതയാണ്. മൂന്ന് വനിതാ പൊലീസുകാര്‍ അവള്‍ക്കൊപ്പം എപ്പോഴുമുണ്ട്. ഹാദിയ വീട്ടില്‍ ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. താന്‍ സന്തോഷവതിയാണെന്നും മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും എല്ലാം കാര്യങ്ങളും സുപ്രീംകോടതിയില്‍ പറയുമെന്നും ഹാദിയ അറിയിച്ചിട്ടുണ്ട്. രേഖാശര്‍മ്മ പറഞ്ഞു.

കോടതിയിലുള്ള കേസ് ആയതിനാല്‍ ഹാദിയ തന്നോടു പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഹാദിയയെ സന്ദര്‍ശിച്ചപ്പോള്‍ മൊബൈലില്‍ എടുത്ത ഫോട്ടോയും അവര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഒരുമണിക്കൂര്‍ ഹാദിയയുമായി രേഖാശര്‍മ സംസാരിച്ചു .