Section

malabari-logo-mobile

കൈത്തറി മേഖലയില്‍ ഉണര്‍വിന് തുടക്കം കുറിക്കാനായി ;മന്ത്രി എ.സി മൊയ്തീന്‍

HIGHLIGHTS : തിരുവനന്തപുരം: കൈത്തറി നെയ്ത്ത് ഉത്സവം എല്ലാവര്‍ഷവും നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വാണിജ്യ യുവജനകാര്യമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കൂ...

തിരുവനന്തപുരം: കൈത്തറി നെയ്ത്ത് ഉത്സവം എല്ലാവര്‍ഷവും നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വാണിജ്യ യുവജനകാര്യമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ കടന്നുവരുന്ന നിലയില്‍ കൈത്തറി മേഖലയില്‍ ഉണര്‍വിന് തുടക്കം കുറിക്കാന്‍ സര്‍ക്കാരിനായതായും അദ്ദേഹം പറഞ്ഞു. കൈത്തറി നെയ്ത്ത് ഉത്സവം 2018 ന്റെ ഉദ്ഘാടനവും സംസ്ഥാനതല കൈത്തറി അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈത്തറി മേഖലയിലുള്ളവരുടെ അധ്വാനത്തിന്റെ മഹത്വം കുടുംബത്തിലുള്ളവര്‍ കൂടി മനസിലാക്കാനും, കലാപരമായ കഴിവുകളും സഹവര്‍ത്തിത്വവും വളര്‍ത്താനുമാണ് കൈത്തറി നെയ്ത്ത് ഉത്സവം സംഘടിപ്പിച്ചത്. ഇത് വിജയമാണെന്ന് സംസ്ഥാനത്താകെയുള്ള അനുഭവത്തില്‍നിന്ന് മനസിലായതിനാലാണ് എല്ലാവര്‍ഷവും നടത്തുന്നത് പരിഗണിക്കുന്നത്.
കൈത്തറി മേഖലയുടെ വികസനത്തിന് സര്‍ക്കാരിന്റെ പരിമിതികളില്‍നിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. കൈത്തറി സ്‌കൂള്‍ യൂണിഫോമുകള്‍ വിതരണം ചെയ്യുന്നത് ആദ്യവര്‍ഷം അഞ്ചാം ക്ലാസുവരെയും ഈവര്‍ഷം ഏഴാം ക്ലാസുവരെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കൊടുക്കാനായത് അഭിമാനകരമാണ്. ഇത് വിപുലീകരിക്കാനാവുമോ എന്ന് പരിശോധിക്കും.
കൈത്തറി സംഘങ്ങള്‍ പ്രയാസങ്ങള്‍ക്കിടയിലും സഹകരിച്ചതിന്റെ വിജയമാണിത്. പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കും. പുതിയതരം തറികളുടെ ഉത്പാദനത്തിനും ശ്രമങ്ങളുണ്ടാകും.
കൈത്തറി മേഖലയില്‍ ബ്രാന്റഡ് ഉത്പന്നങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കും. കൂടുതല്‍ മികവുള്ള സംഘങ്ങള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെ ജീവിതത്തില്‍ മികവും, വരുമാനവര്‍ധനവിനുള്ള സൗകര്യങ്ങളുമുണ്ടാകുന്ന വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ആ മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ രണ്ടുവര്‍ഷമായി നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച കൈത്തറി സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരം പൊതുവിഭാഗത്തില്‍ ലഭിച്ച കാഞ്ഞിരോട് നെയ്ത്തുസഹകരണ സംഘം, കണ്ണൂര്‍ പിണറായി വീവേഴ്‌സ്, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ച കണ്ണൂര്‍ കൈരളി സഹകരണ സംഘം എന്നിവര്‍ക്ക് അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു. മികച്ച കലാപരമായ കൈത്തറി നെയ്ത്തുകാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. മുതിര്‍ന്ന കൈത്തറി നെയ്ത്തുകാരെ ആദരിക്കലും ചടങ്ങില്‍ നടന്നു. നെയ്ത്തുകാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കും, വിവിധ മത്‌സരങ്ങളില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങളും നല്‍കി.
ചടങ്ങില്‍ ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൈത്തറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എം. ബഷീര്‍, നേമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയന്‍, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, ഹാന്‍ടെക്‌സ് പ്രസിഡന്റ് പെരിങ്ങമ്മല വിജയന്‍, കൈത്തറി തൊഴിലാളി കൗണ്‍സില്‍ പ്രസിഡന്റ് ആറ്റിപ്ര സദാനന്ദന്‍, ഗ്രാമപഞ്ചായത്തംഗം എസ്. ഗീതാകുമാരി, കണ്ണൂര്‍ ഐ.ഐ.എച്ച്.ടി എക്‌സി. ഡയറക്ടര്‍ കെ. ചന്ദ്രന്‍, കൈത്തറി ഡയറക്ടര്‍ കെ. സുധീര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!