Section

malabari-logo-mobile

എച്ച് വണ്‍ എന്‍ വണ്‍ : പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും

HIGHLIGHTS : മലപ്പുറം:എച്ച് വണ്‍ എന്‍ വണ്‍ തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഡി.എം.ഒ വി. ഉമ്മര്‍ ഫാറൂഖിന്റെ അ...

H1N1മലപ്പുറം:എച്ച് വണ്‍ എന്‍ വണ്‍ തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഡി.എം.ഒ വി. ഉമ്മര്‍ ഫാറൂഖിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. രോഗപ്രതിരോധത്തിനാവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചതായി ഡി.എം.ഒ അറിയിച്ചു.
ഗര്‍ഭിണികള്‍ക്ക് പനിയോ ജലദോഷമോ കണ്ടാല്‍ ഒസള്‍ട്ടാമിവിര്‍ ഗുളിക (എച്ച് വണ്‍ എന്‍ വണ്‍ ഗുളിക) നല്‍കണമെന്ന് ഡി.എം.ഒ നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വരുന്നത് കൂടുതല്‍ അപകടകരമായതിനെ തുടര്‍ന്നാണ് നിര്‍ദേശം.
ആശാപ്രവര്‍ത്തകര്‍ മുഖേനെ മരുന്ന് നല്‍കും: ആശാപ്രവര്‍ത്തകര്‍ മുഖേനെ വീടുകളില്‍ സര്‍വെ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ അവര്‍ക്കാവശ്യമായ മരുന്നും ഇവര്‍ നല്‍കും.
സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം : സ്വകാര്യ ആശുപത്രി ഡോക്റ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എടപ്പാള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ജൂലൈ 14നും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 15നും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 16നും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 17നുമാണ് പരിശീലനം. അതത് സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രി അധികൃതര്‍പങ്കെടുക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
പനി ക്ലിനിക്കുകള്‍ തുടങ്ങി: പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പനി ക്ലിനിക്കുകള്‍ തുടങ്ങി. നിലമ്പൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ ആശുപത്രികളിലാണ് ക്ലിനിക്ക് തുടങ്ങിയത്. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പനി വാര്‍ഡും തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആശുപത്രികളില്‍ പനി ക്ലിനിക്ക് തുടങ്ങുന്നതിന് ഡി.എം.ഒ. നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി നേരിടുന്നതിനാവശ്യമായ മരുന്നുകള്‍ ക്ലിനിക്കുകളില്‍ എത്തിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ ഈ വര്‍ഷം എട്ട് പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരണപ്പെട്ടു.

ശ്രദ്ധിക്കുക
· പനി, ചുമ, ശ്വാസംമുട്ടല്‍, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയലും ക്ഷീണവും തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ ചര്‍ദിയും വയറിളക്കവുമുണ്ടാവും.
· രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്ത് വരുന്ന വൈറസ് വഴിയാണ് രോഗം പകരുന്നത്.
· എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചവര്‍ മറ്റുള്ളവരില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രദ്ധിക്കുക.
· പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക.
· രോഗി പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക
· രോഗിയുമായി അടുത്തിടപ്പഴകുന്നവര്‍ കൂടെ കൂടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക
· രോഗം വന്നാല്‍ വിശ്രമിക്കുക, പോഷക സമൃദ്ധമായ ആഹാരം ശീലമാക്കുക.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!