ഗുരുവായൂരപ്പന്റെ തിരുവാഭരണത്തിന്റെ പേരില്‍ കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണം; കെ മുരളീധരന്‍

k muraleedharanതിരു: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷണം പോയതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്സ് നേതാവും കരുണാകരന്റെ മകനുമായ കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തില്‍ കരുണാകരന് ഏറെ വിഷമം ഉണ്ടായിരുന്നു എന്നും അന്നത്തെ പ്രതിപക്ഷം ഇത് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു എന്നും മുരളീധരന്‍ പറഞ്ഞു. തിരുവാഭരണം ഒളിപ്പിച്ചവരെ കണ്ടെത്തണം വൈകിയാണെങ്കിലും സത്യം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

1985 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും നഷ്ടമായ 3 തിരുവാഭരണങ്ങളില്‍ ഒന്ന് ക്ഷേത്രത്തിലെ മണികിണറില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുരളീധരന്റെ ഈ പ്രതികരണം. തിരുവാഭരണം നഷ്ടമായത് കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. ലഭിക്കാനുള്ള മറ്റ് രണ്ട് തിരുവാഭരണങ്ങളും മണികിണറില്‍ തന്നെ ഉണ്ടെന്ന സംശയത്താല്‍ കിണര്‍ വറ്റിക്കുന്നത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.