വേങ്ങരയില്‍ കുഴിച്ചിട്ട നിലയില്‍ തോക്ക് കണ്ടെത്തി

Untitled-1 copyവേങ്ങര : പറപ്പൂര്‍ ചോലകുണ്ടില്‍ വീട്ടുവളപ്പിലെ പറമ്പില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ തോക്ക് കണ്ടെത്തി. മൂരികുന്നന്‍ മുഹമ്മദ് കുട്ടിയുടെ വീട്ട് വളപ്പില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തിലാക്കി വാട്ടര്‍കണക്ഷനായി സ്ഥാപിച്ചിട്ടുള്ള ബോക്‌സിനുള്ളില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് തോക്ക് കണ്ടെത്തിയത്. പോയിന്റ് 22 കപ്പാസിറ്റിയുള്ള തോക്കില്‍ 7 തിരകളും നിറച്ചിട്ടുണ്ടായിരുന്നു. പിച്ചളകൊണ്ട് നിര്‍മ്മിച്ച നാടന്‍ തോക്കാണിതെന്ന് പരിശോധന നടത്തിയ ആര്‍മര്‍ എസ്‌ഐ ശശികുമാര്‍ പറഞ്ഞു.ഈ തോക്കിന് കാലപഴക്കവും ഉണ്ട്.

5 ദിവസം മുമ്പേ ഇവിടെ ജല അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ പണി നടന്നതായും വീട്ടുകാര്‍ പറഞ്ഞു. എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. തോക്ക് ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്ക് അയക്കും.

മലപ്പുറം ഡിവൈഎസ്പി അഭിലാഷ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ആര്‍മര്‍ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. വേങ്ങര എസ്‌ഐ കെവി മണി, ജിഎസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐ അബ്ദുള്‍ ജബ്ബാര്‍, സിപിഒമാരായ അബ്ദുള്‍ ബഷീര്‍, ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചത്.