ഗള്‍ഫില്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെയുള്ള കടല്‍ക്കൊള്ളക്കാരുടെ അക്രമം വര്‍ദ്ധിക്കുന്നു

Untitled-1 copyദോഹ: ഗള്‍ഫ് കടലിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്കു നേരെ കടല്‍ക്കൊള്ളക്കാര്‍ നടത്തുന്ന അക്രമം തടയാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് തമിഴ്‌നാട് ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് പി ജസ്റ്റിന്‍ ആന്റണി ആവശ്യപ്പെട്ടു. ഖത്തറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് സ്വദേശിയായ യുവാവ് ബഹറൈന്‍ അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ആവശ്യം ഉന്നയിച്ചത്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തമിഴ്‌നാട് ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ്.
ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യക്കാരായ മൂന്ന് മത്സ്യബന്ധന തൊഴിലാളികളാണ് ഗള്‍ഫ് കടലില്‍ മരിച്ചത്. ഇവരുടെയെല്ലാം കൊലയ്ക്ക് പിന്നില്‍ കടല്‍ക്കൊള്ളക്കാരാണെന്ന് ജസ്റ്റിന്‍ ആന്റണി ആരോപിച്ചു. തെക്കന്‍ തമിഴ്‌നാട്ടില്‍ നിന്ന് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ഗള്‍ഫില്‍ മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2014 മെയ് മാസം ബഹറൈനില്‍ തോമസ് ക്ലീറ്റസും 2015 മെയ് മാസം സഊദി അറേബ്യയില്‍ മതിവേലനും 2015 ആഗസ്തില്‍ ആന്റണി അരുള്‍ അനീഷുമാണ് വെടിയേറ്റ് മരിച്ചത്. തമിഴ്‌നാട് ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റിന്റെ കണക്ക് അനുസരിച്ച് അരലക്ഷത്തോളം പേരാണ് ഗള്‍ഫില്‍ മീന്‍ പിടുത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അവരില്‍ മൂവായിരത്തോളം പേര്‍ ഖത്തര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഗള്‍ഫ് കടലില്‍ നാവിക സേനയെ വിന്യസിച്ച് കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയ്യണമെന്നും ജസ്റ്റിന്‍ ആന്റണി ആവശ്യപ്പെട്ടു. കടലിലെ അന്താരാഷ്ട്ര മേഖലയില്‍ പട്രോളിംഗ് നടത്തി കൊള്ളക്കാരെ പിടികൂടി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് നിവേദനം നല്കിയതായും അദ്ദേഹം പറഞ്ഞു.
തോക്കും മറ്റ് ആയുധങ്ങളുമായെത്തി മീന്‍ കൊള്ളയടിക്കുന്ന കടലില്‍ പതിവാണ്. ബോട്ട് കീഴടക്കാന്‍ കഴിയാത്ത ഘട്ടത്തിലാണ് കൊള്ളക്കാര്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടുന്നത്. മീന്‍ പിടുത്തത്തിനിടയില്‍ അടിയൊഴുക്കിനേയും കാറ്റിനേയും തുടര്‍ന്ന് ബോട്ടുകള്‍ രാജ്യാതിര്‍ത്തികള്‍ ലംഘിക്കുന്നത് പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് അതിര്‍ത്തി ലംഘിച്ചുവെന്ന പേരില്‍ മീന്‍ പിടുത്ത തൊഴിലാളികളെ ശിക്ഷിക്കുന്നത് ഒഴിവാക്കണമെന്നും പി ജസ്റ്റിന്‍ ആന്റണി ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങള്‍ ഐക്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്കണമെന്നും ജസ്റ്റിന്‍ ആവശ്യമുന്നയിക്കുന്നു. കടല്‍ അതിര്‍ത്തി ലംഘിക്കുന്നവരെ ശിക്ഷിക്കാതിരിക്കാന്‍ ഇത്തരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.