ഗള്‍ഫ്‌ നിരക്കുകള്‍ കുറയ്‌ക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നു

air-indiaകരിപ്പൂര്‍: എയര്‍ ഇന്ത്യ ടിക്കറ്റ്‌നിരക്ക്‌ കുറച്ച്‌ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായി അശ്വനി ലോഹാനി എല്ലാ എയര്‍ ഇന്ത്യ യൂണിറ്റുകളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ എങ്ങനെ യാത്രക്കാര്‍ക്ക്‌ സഹായകമായ തീരുമാനങ്ങള്‍ എടുക്കാമെന്നാണ്‌ എയര്‍ ഇന്ത്യ പരിശോധിക്കുന്നത്‌. ഇക്കാര്യത്തില്‍ ഗള്‍ഫ്‌ മേഖലയെയാണ്‌ എയര്‍ഇന്ത്യ ലക്ഷ്യം വെക്കുന്നത്‌.

രാജ്യത്ത്‌ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ്‌ നിരക്കുകള്‍ ഗള്‍ഫ്‌ മേഖലയിലേക്കാണ്‌. ഇതുമൂലം നിരവധിയാത്രക്കാര്‍ എയര്‍ ഇന്ത്യയെ ഉപേക്ഷിച്ച്‌ മറ്റ്‌ വിമാനക്കമ്പനികളിലേക്ക്‌ ചേക്കേറുകയാണ്‌. ഇതിനെല്ലാം പുറമെ വിമാനങ്ങള്‍ അകാരണമായി നിലത്തിറക്കുന്നതാണ്‌ എയര്‍ ഇന്ത്യയും യാത്രക്കാരും തമ്മിലുള്ള പ്രധാനപ്രശ്‌നം. ഇത്തരത്തില്‍ യാത്ര മുടക്കുന്നതുവഴി എയര്‍ ഇന്ത്യയ്‌ക്ക്‌ 20 ശതമാനത്തോളം യാത്രക്കാരെയാണ്‌ നഷ്ടമായത്‌. ഇത്‌ മറ്റ്‌ വിമാനക്കമ്പനികളെക്കാള്‍ 10 ശതമാനം അധികമാണ്‌.

2022 ഓടെ എയര്‍ ഇന്ത്യയുടെ നഷ്ടം പൂര്‍ണമായും ഇല്ലാതാക്കുകയാണ്‌ പുതിയ നയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക്‌ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ജീവനക്കാരുടെ യാത്രയ്‌്‌ക്ക്‌ പ്രത്യേക ആഡംബര വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെയും അത്യാഡംബര ഹോട്ടലുകളില്‍ താമസിക്കുന്നതും വിലക്കിയിട്ടുണ്ട്‌.

ചെയര്‍മാനേയും മറ്റ്‌ ഡയറക്ടര്‍മാരേയും യാത്രയാക്കാന്‍ ജീവനക്കാര്‍ ഒന്നടങ്കം പോകുന്നതിനെയും വിലകൂടിയ ബൊക്കകള്‍ സമ്മാനമായി നല്‍കുന്നതും വിലക്കിയിട്ടുണ്ട്‌. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. കനത്ത നഷ്ടത്തിലാണ്‌ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. വിമാനം വൈകിയതിനാല്‍ മാത്രം ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടെ ദേശീയ വിമാനക്കമ്പനിക്ക്‌ മൂന്നുകോടി രൂപയാണ്‌ യാത്രക്കാര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്‌. രാജ്യത്തെ മൊത്തം വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക്‌ നല്‍കിയ നഷ്ടപരിഹാരത്തിന്റെ 80 ശതമാനവും എയര്‍ ഇന്ത്യയുടെ വകയാണ്‌. രാജ്യത്ത്‌ ഓരോ മൂന്നുമിനുട്ടിലും ഒരു എയര്‍ ഇന്ത്യ വിമാനം വൈകുന്നു എന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌. കേരളത്തിലെ മൂന്നുവിമാനത്താവളങ്ങളും വിമാനം വൈകുന്നതില്‍ ഏറെ മുന്നിലാണ്‌.