അജ്‌മാനില്‍ റസ്റ്ററന്റിലേക്ക്‌ വാഹനം പാഞ്ഞുകയറി മലയാളി സ്‌ത്രീയുള്‍പ്പെടെ 2 മരണം

accidentഅജ്‌മാന്‍: വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ റസ്റ്ററന്റിലേക്ക്‌ പാഞ്ഞുകയറി മലയാളി സ്‌ത്രീയും ഇറാഖ്‌ സ്വദേശിയായ കുട്ടിയും മരിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ തൃശൂര്‍ പുന്നയൂര്‍ക്കുളം എടക്കര കാളച്ചങ്ങല്‍ ഉസ്‌മാന്റെ ഭാര്യ റുഖിയ ഉസ്‌മാ(45)നാണ്‌ മരണപ്പെട്ട മലയാളി.

വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ വാഹനമോടിച്ചിരുന്നയാള്‍ക്ക്‌ അപസ്‌മാരം ഉണ്ടായതാണ്‌ അപകടമുണ്ടാവാന്‍ കാരണമായതെന്ന്‌ അജ്‌മന്‍ പോലീസ്‌ അറിയിച്ചു. അജ്‌മാന്‍ ഹുമൈദിയ്യ അഡ്‌നോക്‌ സ്‌റ്റേഷനിലാണ്‌ ദുരന്തമുണ്ടായത്‌.

മരണപ്പെട്ട റുഖിയയുടെ മകള്‍ ഷിനുവിന്റെ മകന്‍ മുഹമ്മദ്‌ ഇന്‍ഷാദ്‌(രണ്ടര) ഭര്‍തൃ സഹോദരന്‍ എന്നിവരടക്കം നാലോളം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവര്‍ അജ്‌മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റുഖിയയുട മൃതദേഹം നാട്ടിലെത്തിക്കുമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു.