ഗുല്‍ബര്‍ഗ്‌ കൂട്ടക്കൊല;11 പേര്‍ക്ക്‌ ജീവപര്യന്തം;12 പേര്‍ക്ക്‌ 7 വര്‍ഷം തടവ്‌

ദില്ലി: ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊല കേസില്‍ 11 പേര്‍ക്ക്‌ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. 12 പേര്‍ക്ക്‌ ഏഴ്‌ വര്‍ഷം ജയില്‍ ശിക്ഷയും ഒരാള്‍ക്ക്‌ പത്ത്‌ വര്‍ഷം തടവും കോടതി വിധിച്ചു. മുന്‍ കോണ്‍ഗ്രസ്‌ എംപി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേരാണ്‌ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്‌. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ്‌ വിധി പ്രസ്‌താവിച്ചത്‌. ജഡ്‌ജി പി ബി ദേശായിയാണ്‌ ശിക്ഷാവിധി പ്രസ്‌താവിച്ചത്‌. പതിനാല് വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷമാണ് 24 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

11 പേര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്. എന്നാല്‍ കോടതി ഇത് നിരാകരിച്ചു. വിചാരണ വേളയില്‍ കൊലപാതകം കരുതിക്കൂട്ടിയുള്ളതല്ല മറിച്ച് പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നും അതിനാല്‍ വധശിക്ഷ നല്‍കരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഈ മാസം മൂന്ന് തവണ ശിക്ഷാവിധി പ്രസ്താവിക്കുന്നത് മാറ്റിവെച്ചിരുന്നു.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കേസുകളില്‍ ഒന്നാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 66 പ്രതികളാണ് ഉള്ളത്. ഇതില്‍ ഒമ്പത് പേര്‍ 14 വര്‍ഷമായി ജയിലിലാണ്. മറ്റുള്ളവര്‍ വിവിധ ഘട്ടങ്ങളിലായി ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്.58 കര്‍സേവകരുടെ മരണത്തിന് ഇടയാക്കിയ ഗോധ്ര ട്രെയിന്‍ തീവെപ്പിന്റെ തൊട്ടടുത്ത ദിവസമാണ് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊല അരങ്ങേറിയത്.