ഗുജറാത്ത് കലാപം; മോഡിക്കെതിരായ ഹര്‍ജി ഇന്ന് വിധി

narendramodiഅഹമ്മദാബാദ് : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉണ്ടായ കൂട്ടക്കൊലയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചീട്ട് നല്‍കിയ ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ ഇന്ന് വിധി വന്നേക്കും.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രതേ്യക അന്വേഷണവിഭാഗത്തിനെതിരെ കലാപത്തിന്റെ ഇര സാക്കിയ ജഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. നേരത്തെ ഒക്‌ടോബര്‍ 28 ന് പിന്നീട് ഡിസംബര്‍ രണ്ടിനും വിധി വരുമെന്ന് അറിയിച്ചിരുന്നെങ്കിലും വിധി പ്രസ്താവം തയ്യാറാക്കാന്‍ വീണ്ടും സമയം ആവശ്യമായി വന്നതിനാല്‍ വീണ്ടും ദിവസം നീട്ടുകയായിരുന്നു.

2002 ലെ കലാപത്തില്‍ ജഫ്രിയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ്സ് എംപിയുമായിരുന്ന എഹ്‌സാന്‍ ജഫ്രിയടക്കം 69 പേരാണ് കൊല്ലപ്പെട്ടത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊല നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തതാണെന്നും ക്യാബനറ്റ് അംഗങ്ങളും വിഎച്ച്പി നേതാക്കളും ഇതിന് നരേന്ദ്ര മോഡിക്കൊപ്പം കൂട്ടു നിന്നെന്നുമാണ് ജഫ്രി ഹരജിയില്‍ പറയുന്നത്. അതേസമയം സംഭവം അനേ്വഷിച്ച അനേ്വഷണ സംഘം മോഡിയടക്കം 61 പേര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുകയായിരന്നു. ഇതിനെതിരെയാണ് ജഫ്രി ഹരജി നല്‍കിയത്.