ഗിന്നസ്‌ റെക്കോര്‍ഡുമായി വള്ളിക്കുന്നുകാരി

vallikunnu 1ബെംഗളൂരു: കുറഞ്ഞ സമയത്തിനുള്ളില്‍ കൂടൂതല്‍ ആളുകളില്‍ അര്‍ബുദ നിര്‍ണയം നടത്തിയതിന്‌ വള്ളിക്കുന്ന്‌ അരിയല്ലൂര്‍ സ്വദേശിനി ഉള്‍പ്പെട്ട മെഡിക്കല്‍ സംഘത്തിന്‌ ഗിന്നസ്‌ റെക്കോര്‍ഡ്‌. അരിയല്ലൂര്‍ സ്വദേശിനി ഹഫ്‌സ ഉള്‍പ്പെടെ 12 പാരാമെഡിക്കല്‍ ജീവനക്കാരും മൂന്നു ഡോക്ടര്‍മാരും ചേര്‍ന്ന സംഘമാണ്‌ എട്ടുമണിക്കൂറില്‍ 716 പേര്‍ക്ക്‌ പരിശോധന നടത്തിയത്‌.

ഗര്‍ഭാശയ അര്‍ബുദ പരിശോധനയ്‌ക്കായി കഴിഞ്ഞ ജൂണ്‍ 21 നു ദൊഡ്ഡബെല്ലാ പുരയിലായിരുന്നു ക്യാമ്പ്‌. ബംഗളൂരു പരിമള ആശുപത്രിയും റോട്ടറി ബംഗളൂരു സൗത്തും ചേര്‍ന്നാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. മുംബൈയിലെ ഫോര്‍ട്ട്‌ ആശുപത്രിയുടെ നേതൃത്വത്തില്‍ 701 സ്‌ത്രീകളില്‍ അര്‍ബുദ നിര്‍ണയം നടത്തിയതായിരുന്നു മുന്‍ ലോക റെക്കോര്‍ഡ്‌.

പുതിയ റെക്കോര്‍ഡിന്‌ അംഗീകാരം നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ്‌ കര്‍ണാടക ഗവര്‍ണര്‍ വാജുബായി വാല ക്യാമ്പിനു നേതൃത്വം നല്‍കിയവര്‍ക്കു കൈമാറി. ഹഫ്‌സ ഉള്‍പ്പെടെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കു ഗിന്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ പിന്നീടു നടന്ന ചടങ്ങില്‍ കൈമാറി.

വളളിക്കുന്ന്‌ അരിയല്ലൂര്‍ വലിയപറമ്പില്‍ മുഹമ്മദ്‌ ഹനീഫയുടെയും അസ്‌മ ബീഗത്തിന്റെയും മകളായ ഹഫ്‌സ ബംഗളൂരുവില്‍ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിനിയാണ്‌. സന്നദ്ധ സംഘടനയായ കാന്‍സര്‍ കെയര്‍ ഇന്ത്യയുടെ സജീവ പ്രവര്‍ത്തകയുമാണ്‌ ഹഫ്‌സ. ഭര്‍ത്താവ്‌ ജസ്‌മല്‍.