ഖത്തറില്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് കടിഞ്ഞാണ്‍ വരുന്നു

beauty parlourദോഹ: ബ്യൂട്ടി സലൂണുകള്‍ക്കും അവയുടെ ലൈസന്‍സിംഗ് സമ്പ്രദായത്തിലും സമഗ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാകുന്നതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ അധികൃതരാണ് ഇതു സംബന്ധിച്ച തയാറെടുപ്പുകള്‍ നടത്തുന്നത്. രാജ്യത്ത് നിലവില്‍ ബ്യൂട്ടി പാര്‍ലറുകളുടെ ലൈസന്‍സിങ്ങ് ലളിതവും എളുപ്പവുമാണ്.
അതിനാല്‍തന്നെ  നിരവധി ബ്യൂട്ടി പാര്‍ലറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവൃത്തിക്കുന്നത്. ബ്യൂട്ടീഷ്യന്മാരുള്‍പ്പെടെ ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി ചെയ്യുന്നവരുടെ യോഗ്യതയിലും കൃത്യമായ മാനദണ്ഡം ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല. ഇതു കാരണം മിക്ക ബ്യൂട്ടിപാര്‍ലറുകളിലും അവിദഗ്ധരായവരാണ് തൊഴിലെടുക്കുന്നത്.
അതിനാല്‍ ബ്യൂട്ടീഷ്യന്മാരുള്‍പ്പെടെ ബ്യൂട്ടി പാര്‍ലറുകളിലെ തൊഴിലാളികളുടെ പരിചയവും വൈഭവവും മെച്ചപ്പെടുത്താന്‍ ചില നിയമങ്ങള്‍ കൊണ്ടുവരാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിനായി ബ്യൂട്ടി പാര്‍ലറുകളുടെ ലൈസന്‍സ് പരിശോധനക്കായി പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ ശ്രമമുണ്ട്. ബ്യൂട്ടീഷ്യന്മാര്‍ക്കെതിരെ വനിതകളില്‍ നിന്ന് നിരവധി പരാതികളാണ് മുനിസിപ്പല്‍  നഗര വികസന മന്ത്രാലയത്തിന് ലഭിക്കുന്നത്. പലപരാതികളും  ഗൗരവമേറിയതാണ്. രാസ വസ്തുക്കളുടെയും സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും തെറ്റായ ഉപയോഗ വും ഫേഷ്യലിംഗിലെ വീഴ്ചകളും  കാരണമുണ്ടായ പ്രശ്‌നങ്ങളാണ് പരാതികളായിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ ഭീമമായ തുക ഈടാക്കുന്നതായും ചൂഷണം ചെയ്യുന്നതായുമുള്ള പരാതികള്‍ നിരന്തരം ലഭിക്കുന്നുണ്ട്. ബ്യൂട്ടിപാര്‍ലറുകളെ നിയന്ത്രിക്കാനും അനുവദനീയമായ താരിഫ് പ്രകാരമുള്ള തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നും ഉറപ്പുവരുത്തണമെന്നും ഇക്കണോമിക് ആന്റ് കൊമേഴ്‌സ് മന്ത്രാലയത്തിലെ ഉപഭോക്തൃസംരക്ഷണ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്