സി പി ഐ എമ്മുമായി ജെ എസ്‌ എസ്‌ ലയിക്കില്ലെന്ന്‌ ഗൗരിയമ്മ

downloadതിരുവനന്തപുരം: ജെഎസ്‌എസ്‌ സിപിഐഎമ്മില്‍ ലയിക്കില്ലെന്നും എന്നാല്‍ സിപിഐഎം പരിപാടികളുമായി സഹകരിക്കുമെന്നും കെ ആര്‍ ഗൗരിയമ്മ. ഗൗരിയമ്മ സിപിഐഎം നേതാവ്‌ പിണറായി വിജയനെ അറിയിച്ചു. ഗൗരിയമ്മയുടെ വീട്ടില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്‌ച്ചയിലാണ്‌ പിണറായി വിജയനെ തീരുമാനം അറിയിച്ചത്‌. സിപിഐഎമ്മില്‍ ലയിക്കുകയാണെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന്‌ ജെ എസ്‌ എസിനകത്ത്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഈ തീരുമാനമാറ്റം എന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌.

കഴിഞ്ഞമാസമാണ്‌ ജെ എസ്‌ എസ്‌ സിപിഐഎമ്മില്‍ ലയിക്കുമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രഖ്യാപിച്ചത്‌. ആഗസ്റ്റ്‌ 19 ന്‌ കൃഷ്‌ണപിള്ള ദിനത്തില്‍ ലയനം നടക്കുമെന്നായിരുന്നു പ്രഖ്യാപനം. കോടിയേരിയും ഗൗരിയമ്മയും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഈ തീരുമാനമുണ്ടായത്‌. എന്നാല്‍ ലയന തീരുമാനം ജെഎസ്‌എസിനകത്തു തന്നെ വാഭാഗീയതയുണ്ടാക്കുകയായിരുന്നു.

ജെഎസ്‌എസിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ടായിരുന്നു. ജെ എസ്‌ എസിന്റെ സ്വത്തുക്കള്‍ മുന്നില്‍ കണ്ടാണ്‌ സിപിഐഎം നീക്കമെന്നും ആരോപണമുയര്‍ന്നു. ഇതിന്റെ എല്ലാം ഫലമായാണ്‌ ഈ തീരുമാനമാറ്റമെന്നും കരുതുന്നു.