ഈടോ, ജാമ്യമോ വേണ്ട;ഭിന്നശേഷിക്കാര്‍ക്ക് 25,000 രൂപ വായ്പ

തിരുവനന്തപുരം: ഈടോ, ജാമ്യമോ ഇല്ലാതെ ഭിന്നശേഷിക്കാര്‍ക്ക് 25,000 രൂപ വായ്പ അനുവദിക്കാന്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചു. റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന പട്ടികയിലുള് ആയിരം പേര്‍ക്കെങ്കിലും ആദ്യ അവസരത്തില്‍ തന്നെ വായ്പ ലഭിക്കു.

ആഗസ്തുമുതല്‍ വായ്പവിതരണം ആരംഭിക്കും. ഇതിനായി ഉടന്‍ അപേക്ഷ ക്ഷണിക്കും. തുച്ഛമായ പലിശയാകും ഈടാക്കുക. റേഷന്‍ കാര്‍ഡിന്റെ കോപ്പി, വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതി.

വായ്പത്തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്ന് കോര്‍പറേഷന്‍ നിരീക്ഷിക്കും. കൃത്യമായി തിരിച്ചടയ്ക്കുകയും സ്വയംതൊഴില്‍ വിജയകരമായി നടത്തുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായാല്‍ അടുത്തഘട്ടത്തില്‍ വായ്പയുടെ തോതും ഗുണഭോക്താക്കളുടെ എണ്ണവും ഉയര്‍ത്താനാണ് തീരുമാനം.

നിലവിലെ വായ്പ പദ്ധതികളും കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ദേശസാല്‍കൃത ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പവിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയായി. കൂടാതെ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതി നടപടികളും പുരോഗമിക്കുകയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ചേര്‍ന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. പദ്ധതിക്കായി കോര്‍പറേഷന് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിന് കമ്പനികളെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ആഗസ്തില്‍ സംസ്ഥാനതല ഉദ്ഘാടനം നടത്തി അര്‍ഹരായവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യും. ഒന്നരക്കോടി രൂപയാണ് ബജറ്റില്‍ സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്്.