സ്വര്‍ണ്ണകടത്ത് ഭരണകക്ഷിയിലെ നേതാവിനും പങ്കെന്ന് മുഖ്യ പ്രതി

കൊച്ചി : സ്വര്‍ണ്ണകടത്തിന് പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാവിനും ബന്ധമുണ്ടെന്ന് പിടിയിലായ മുഖ്യപ്രതി ഷഹബാസിന്റെ മൊഴി. സ്വര്‍ണ്ണകടത്തിന് പിന്നിലെ സാമ്പത്തിക ശ്രോതസ്സ് കോഴിക്കോട് കൊടുവള്ളിയിലെ ഭരണകക്ഷിയില്‍ പെട്ട നേതാവാണെന്നാണ് ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സിന് ( ഡിആര്‍ഐ) നല്‍കിയ മൊഴി വ്യക്തമാക്കിയിട്ടുള്ളത്. ഷഹബാസും കൊടുവള്ളി സ്വദേശിയാണ്. കള്ളകടത്തിലൂടെ ലഭിക്കുന്ന ലാഭവിഹിതവും അദ്ദേഹത്തിന് നല്‍കുന്നതായും മൊഴിയില്‍ പറയുന്നുണ്ട്. കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വര്‍ണ്ണം ആഭരണങ്ങളാക്കി ജ്വല്ലറികള്‍ക്ക് നല്‍കുന്നത് മറ്റൊരു സംഘമാണെന്നും നേതാവിന് മാത്രമേ അവരുടെ വിവരങ്ങള്‍ അറിയാവൂ എന്നും ഷഹബാസ് പറഞ്ഞതായാണ് സൂചന.

സിനിമാ മേഖലയില്‍ നിന്നുള്ളവരുമായും ബന്ധം പുലര്‍ത്തുന്നതായും ഇയാള്‍ പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു പറഞ്ഞു. തിങ്കളാഴ്ചയാണ് കേസ് കോടതിയില്‍ പരിഗണനക്ക് എത്തുക. പ്രതിയെ അടുത്ത മാസം ആറുവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.