സ്വര്‍ണ നികുതിയില്‍ ഇളവ് നല്കുന്ന കാര്യം പരിഗണിക്കുമെന്ന് കെ.എം.മാണി

download (1)കൊച്ചി: സ്വര്‍ണത്തിന്റെ വാറ്റ് നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറക്കുന്ന കാര്യം സംസ്ഥാന ബജറ്റില്‍ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം സബ്ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് നികുതി വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രി ബജറ്റ് ചര്‍ച്ചയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള നടപടികള്‍ സ്വീരിക്കും. നികുതിദായകരോട് സൗഹൃദസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തൊഴില്‍, വാണിജ്യം തുടങ്ങിയവയുടെ വികസനങ്ങള്‍ വിഘാതം സൃഷ്ടിക്കുന്ന യാതൊരു നടപടിയും സ്വീകരിക്കില്ല. അതേ സമയം നികുതി വെട്ടിപ്പ് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കും. നികുതി ദായകര്‍ക്ക് ഭാരമാവാത്ത തരത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന മാര്‍ഗങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഗണിക്കുമെന്ന്് മന്ത്രി ഉറപ്പു നല്‍കി. ലോട്ടറി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ വ്യാപാരികളുടെ ക്ഷേമത്തിന് ബജറ്റിലൂടെ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വ്യാപാരങ്ങളുടെ കണക്കുകള്‍ സൂക്ഷിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ വരുന്നതിനാല്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സ്ഥലപരമിധിയുള്ളതിനാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ല ജില്ലകളിലും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് നടപടി വേണം. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഓണ്‍ലൈന്‍ വ്യാപാരം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 14.5ശതമാനമായി നികുതി ഉയര്‍ത്തിയത് കുറയ്ക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വില്പന നികുതി നിയമത്തിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം. അന്യ സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ നികുതിയിലുള്ള വലിയ അന്തരമാണ് നിലവിലുള്ളത്. ഈ അന്തരം ഇല്ലാതാക്കുന്നതിനുള്ള നടപടി ആവശ്യമാണ്. നികുതി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഓംബുഡ്‌സ്മാന്‍ വേണമെന്ന ആവശ്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. മറ്റു കൃഷികള്‍ക്ക് സബ്‌സിഡി നല്കുന്നത് പോലെ പൈനാപ്പിള്‍ കൃഷിക്കും സബ്‌സിഡി അനുവദിക്കണം. ടൂറിസം അനുബന്ധ വ്യവസായങ്ങള്‍ക്ക് നികുതിയിളവ് അനുവദിച്ചാല്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ കേരളത്തിലെത്തും. ടൂറുസം പദ്ധതികള്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ ടൂറിസം അനുബന്ധ വ്യവസായത്തിന് ഇളവ് അനുവദിക്കാത്തത് ഉചിതമല്ല. ടൂറിസം മേഖലയുടെ മാര്‍ക്കറ്റിംങ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്തണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. സെല്‍ഫ് സീല്‍ഡ് കണ്ടെയ്‌നറുകള്‍ക്ക് വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഗ്രീന്‍ ചാനല്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. പോര്‍ട്ട് ട്രസ്റ്റും കണ്ടെയ്‌നര്‍ കയറ്റുമതിക്കാരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആയുര്‍വേദ ഉള്‍പന്നങ്ങളുടെ മുന്‍കാല നികുതി ഇളവ് ചെയ്യുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുകയാണ്. സബ്ജക്ട് കമ്മിറ്റി ചേരുമ്പോള്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. എം സാന്‍ഡിന്റെ നികുതി ഘടനയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബജറ്റില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പിന് കീഴിലെ ഓഡിറ്റ് അസെസ്‌മെന്റ് വിങ്ങ് പുനസ്ഥാപിക്കുന്ന കാര്യവും ബേക്കറി ഉല്‍പന്നങ്ങള്‍ക്കും കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍ക്കും നികുതി ഇളവ് നല്‍കുന്ന കാര്യവും ചാരിറ്റബിള്‍ സൊസൈറ്റികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനുള്ള ഫൈന്‍ ഒഴിവാക്കുന്ന കാര്യവും അപ്പാര്‍ട്ടമെന്റ് ഓണര്‍ഷിപ്പ് ആക്ട് ഭേദഗതിയും ഓണ്‍ലൈന്‍ ട്രേഡിംഗ് നിയന്ത്രണവും ബജറ്റില്‍ പരിഗണിക്കും. ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യവസായ സൗഹൃദ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ.എം.മാണി അറിയിച്ചു. ആവശ്യത്തിന് സ്ഥലം ലഭിക്കാത്തതാണ് ചെക്ക്‌പോസ്റ്റ് നവീകരണം വൈകാന്‍ കാരണം. ചെക്ക് പോസ്റ്റ് നവീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. സ്ഥലം ആവശ്യത്തിന് കിട്ടിയിരുന്നെങ്കില്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സ്ഥാപിക്കാന്‍ നേരത്തെ തന്നെ കഴിയുമായിരുന്നു. ചെക്ക് പോസ്റ്റുകളില്‍ സ്‌കാനര്‍ സംവിധാനം ഘട്ടം ഘട്ടമായി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുകയാണ്. സമൂഹത്തിന്റെ വിവധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നൂറിലേറെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ലഭിച്ചു. ധനകാര്യവകുപ്പ് ടാക്‌സസ് സെക്രട്ടറി അജിത്കുമാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ജോസ് ജേക്കബ്, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.