ഗോവയില്‍ പാലം തകര്‍ന്ന് ഒരുമരണം;നിരവധി പേരെ കാണാതായി

മാര്‍ഗോവ: തെക്കന്‍ ഗോവയില്‍ പാലം തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപേരെ കാണാതായി. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്.

തലസ്ഥാനമായ പനാജിയില്‍നിന്ന് 55 കിലോമീറ്റര്‍ അകലെ ചര്‍ച്ഓറത്തിനു സമീപം സന്‍വോര്‍ഡേം നദിക്കു കുറുകെയുള്ള ഇരുമ്പുപാലമാണ് തകര്‍ന്നത്. കാല്‍നടയാത്രികര്‍ മാത്രം ഉപയോഗിക്കുന്ന പാലത്തില്‍ അപകടവേളയില്‍ നാല്‍പ്പതോളംപേര്‍ ഉണ്ടായിരുന്നു. കാണാതായവരുടെ എണ്ണം വ്യക്തമല്ലെന്ന് സൌത്ത് ഗോവ കലക്ടര്‍ സ്വപ്നില്‍ നെയ്ല്‍ അറിയിച്ചു.

നാവികസേനയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി. 20 പേരെ രക്ഷപ്പെടുത്തിയെന്നും പത്തുപേര്‍ നീന്തി കരയിലെത്തിയെന്നും മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തില്‍നിന്ന് ആരോ വെള്ളത്തിലേക്ക് ചാടിയെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്നാണ് പാലത്തില്‍ ആളുകള്‍ തടിച്ചുകൂടിയത്. ഒരുവര്‍ഷം മുമ്പേ ഈ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു.