പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിനി മരിച്ചു

madhya-pradesh-mapഇന്‍ഡോര്‍: പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിനി പരീക്ഷാ ഹാളില്‍ കുഴഞ്ഞ് വീണ് മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഖാസ്ല ഹൈസ്‌കൂളില്‍ ബോര്‍ഡ് പരീക്ഷ എഴുതുന്നതിനിടെയാണ് കൃതിക പ്രജാപതി എന്ന 17 കാരി കുഴഞ്ഞ് വീണത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂളിന് തൊട്ടടുത്തുള്ള സിറ്റി നഴ്‌സിംഗ് ഹോമിലേക്കാണ് സ്‌കൂളിലെ അധ്യാപകര്‍ കുട്ടിയെയും കൊണ്ട് പോയത്. പരീക്ഷ ഇന്ന് അവസാനിക്കും എന്ന് പറഞ്ഞ് വളരെ സന്തോഷത്തോടെയാണ് കൃതിക രാവിലെ സ്‌കൂളിലേക്ക് പോയത് എന്ന് കുട്ടിയുടെ അമ്മാവനായ ജഗ്ദീശ് പ്രജാപതി പറഞ്ഞു. പരീക്ഷ വിട്ട് വന്നതിന് ശേഷം ഒരു സിനിമയ്ക്ക് കൊണ്ടുപോകണം എന്നും കുട്ടി അച്ഛനമ്മമാരോട് പറഞ്ഞിരുന്നത്രെ.

ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ തന്നെ കൃതിക മരണത്തിന് കീഴടങ്ങിയിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൃതിക പ്രജാപതിയുടെ അപ്രതീക്ഷിതമായ മരണം സഹപാഠികളെയും വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. ബോര്‍ഡ് പരീക്ഷയുടെ അവസാനത്തെ പേപ്പര്‍ എഴുതുകയായിരുന്നു കൃതിക. ഖാസ്ല ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

രാവിലെ ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത്. കൃതികയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു. ആരോഗ്യവതിയായിരുന്നു അവള്‍. സ്‌കൂളില്‍ നിന്നും വിവരം അറിഞ്ഞ് ഞങ്ങള്‍ അവിടെയെത്തുമ്പോഴേക്കും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നും അവര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.