ലിംഗ അസമത്വം നില്‍ക്കുന്നു; ഇന്ത്യയില്‍ സ്‌ത്രീകളെ പരിഗണിക്കുന്നത്‌ മൃഗങ്ങളെ പോലെ;സാനിയ മിര്‍സ

Sania-Mirzaദില്ലി: സ്‌ത്രീയായതുകൊണ്ട്‌ ഒരുപാട്‌ പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നു. ലിംഗ അസമത്വം നിലനില്‍ക്കുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ സാനിയ മിര്‍സ ചൂണ്ടിക്കാട്ടി. താനൊരു പുരുഷനായിരുന്നെങ്കില്‍ തനിക്കു നേരെയുണ്ടായിരുന്ന ചില വിവാദങ്ങളില്‍ നിന്നെങ്കിലും തന്നെ മാറ്റി നിര്‍ത്തുമായിരുന്നെന്നും സാനിയ പറഞ്ഞു.

ഇന്ത്യയില്‍ കായിക മേഖലയിലേക്ക്‌ കൂടുതല്‍ സ്‌ത്രീകള്‍ കടന്നുവരണമെങ്കില്‍ സംസ്‌കാരം മാറേണ്ടതുണ്ടെന്നാണ്‌ എനിക്ക്‌ തോന്നുന്നതെന്നും സാനിയ വ്യക്തമാക്കി. ഇന്ത്യയില്‍ സാനിയ മിര്‍സയായി ജീവിക്കാന്‍ പ്രയാസമാണെന്നും അവര്‍ പറഞ്ഞു. യുഎന്‍ ദക്ഷിണേഷ്യ മേഖല വനിത ഗുഡ്‌വില്‍ അംബാസിഡറായി തിരഞ്ഞെടുത്തശേഷം ആദ്യ ക്യാമ്പയ്‌നില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയിലെ സ്‌ത്രികള്‍ വിവേചനം നേരിടുന്നുണ്ട്‌. മൃഗങ്ങളെപ്പോലെയാണ്‌ അവര്‍ പരിഗണിക്കപ്പെടുന്നത്‌. ഈ മാനസികാവസ്ഥ മാറേണ്ടതുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കേണ്ടത്‌ പുരുഷന്റെ കടമായാണ്‌. തങ്ങളുടെ വില സ്‌ത്രീകളും മനസിലാക്കണെമെന്നും സാനിയ പറഞ്ഞു.

സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും സാനിയ അഭിപ്രായപ്പെട്ടു.