പാചകവാത വില കുത്തനെ ഉയര്‍ത്തി; സബ്‌സിഡി സിലിണ്ടറുകള്‍ക്ക്‌ 49.50 രൂപ കൂടി

gas cylinderപാചകവാതക വില കുത്തനെ ഉയര്‍ത്തി. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക്‌ 49.50 രൂപ കൂടി 624 രൂപയായി. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക്‌ 52 രൂപ കൂടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക്‌ 1278.50 പൈസയാണ്‌ പുതിയ വില. പുതുക്കിയ നിരക്കുകള്‍ ഇന്ന്‌ അര്‍ദ്ധരാത്രി നിലവില്‍ വരും.

പാചകവാതകത്തിന്‌ സമീപകാലത്തുണ്ടായ ഏറ്റവും വലിയ നിരക്ക്‌ വര്‍ദ്ധനയാണ്‌ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. 14.2 കിലോഗ്രാം തൂക്കമുള്ള സബ്‌സിഡിയുള്ള ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്‌ 49.50 പൈസ കൂടി. നേരത്തെ 624 രൂപയുണ്ടായിരുന്ന സിലിണ്ടറിന്‌ 673.50 പൈസയാണ്‌ പുതുക്കിയ നിരക്ക്‌. എന്നാല്‍ സബ്‌സിഡി തുകയില്‍ മാറ്റമില്ലാത്തതിനാല്‍ ഉപഭോക്താക്കളെ ഈ വര്‍ദ്ധന പ്രത്യക്ഷത്തില്‍ ബാധിക്കില്ല. സിലിണ്ടര്‍ വാങ്ങുമ്പോള്‍ തുക കൂട്ടികൊടുക്കണമെങ്കിലും പിന്നീട്‌ ഇത്‌ ബാങ്ക്‌ അക്കൗണ്ടിലെത്തും.

സബിസിഡിയില്ലാത്ത സിലിണ്ടറിന്‌ 52 രൂപയാണ്‌ കൂട്ടിയത്‌. വില 637.50 രൂപയില്‍ നിന്ന്‌ 684.50 ലെത്തി. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‌ 1278 രൂപയാണ്‌ പുതിയ വില. 1200 രൂപയായിരുന്ന സിലിണ്ടറിന്‌ 78.50 രൂപയാണ്‌ കൂട്ടിയത്‌. ഇതോടെ ഹോട്ടലുകളിലും മറ്റും ഭക്ഷണത്തിന്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കേണ്ടിവരും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ എല്ലാമാസത്തെയും ആദ്യദിവസം രാജ്യാന്തര വിപണിയിലെ വിലയ്‌ക്ക്‌ അനുസരിച്ച്‌ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്‌.