പാചകവാതക സബ്‌സിഡി നിര്‍ത്തുന്നു

ദില്ലി: പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തല്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമാത്രമല്ല 2018 മാര്‍ച്ച് വരെ എല്ലാമാസവും ഗാര്‍ഹികാവശ്യത്തിനുളള എല്‍പിജി സിലിണ്ടറിന് നാലുരൂപ വീതം വിലകൂട്ടുകയും ചെയ്യും. നിലവില്‍ രാജ്യത്തെ 18.11 കോടി കുടുംബങ്ങള്‍ക്ക് ഈ തീരുമാനം തികച്ചും ഇരുട്ടടിയാകും. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം സൗജന്യ പാചകവാതക കണക്ഷന്‍ ലഭിച്ച 2.5 കോടി ദരിദ്ര കുടുംബങ്ങളും ഇതില്‍പ്പെടും.

കഴിഞ്ഞ ജൂണ്‍മുതല്‍ തന്നെ എല്ലാ മാസവും എല്‍പിജി സിലിണ്ടറുകളുടെ വില നാലുരൂപയാക്കാന്‍ പൊതുമേഖല എണ്ണ വിപണനക്കമ്പനികല്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിനുശേഷവും രണ്ടുതവണ വിലകൂടി. ജൂലൈ ഒന്നിന് ജിഎസ്ടി ഉള്‍പ്പെടെ 32 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും വലിയ വര്‍ധനവായിരുന്നു ഇത്. 2018 മാര്‍ച്ച് 31 വരെയോ സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കുന്നതുവരെയോ ഈ രീതി തുടരും.