സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്ക്‌ വ്യാജബോംബുസന്ദേശമയച്ച മലയാളി പിടിയില്‍

Story dated:Monday September 7th, 2015,11 01:am

Untitled-1 copyബംഗളുരു: സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മലയാളിയായ ഒരു ഐടികമ്പനി ജീവനക്കാരന്‍ ഉപയോഗിച്ച വക്രബുദ്ധി അയാളെ തന്നെ കുടുക്കി. കഴിഞ്ഞ ദിവസം ബംഗളുരു ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്ക്‌ വന്ന വ്യാജബോംബുഭീഷണിയെ കുറിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണമാണ്‌ ഒരു പ്രണയകഥയും പുറത്തെത്തിച്ചത്‌. ഈ സന്ദേശമയച്ച മലയാളിയായ എംജെ ഗോകുലനാണ്‌ പോലീസ്‌ പിടിയിലായത്‌.

ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നരമണിക്കാണ്‌ വിമാനത്താവളത്തിലെ സുരക്ഷഉദ്യോഗസ്ഥരുടെ ഫോണിലേക്ക്‌ വ്യാജബോംബു ഭീഷണി വരുന്നത്‌. മൂന്ന്‌ വിമാനങ്ങളില്‍ ബോംബു വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. തുടര്‍ന്ന്‌ നിരവധി വിമാനങ്ങള്‍ വൈകുകയും നുറുകണക്കിന്‌ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയും ചെയ്‌തു. തുടര്‍ന്ന്‌ പോലീസ്‌ വ്യാജസന്ദേശം അയച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ എച്ച്‌ എസ്‌ആര്‍ ലേ ഔട്ടിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്‌ സന്ദേശം വന്നതെന്നും ഇത്‌ ഒരു ഐടി ജീവനക്കാരന്റെ പേരിലുള്ള കണക്ഷനാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു. അന്വേഷണത്തില്‍ ഇയാളുടെ കയ്യില്‍ അത്തെരമൊരു സിം ഇല്ലെന്ന്‌ കണ്ടെത്തി. തുടര്‍ന്നാണ്‌ അയല്‍വാസിയായ ഗോകുലിലേക്ക അന്വേഷണം തിരിയുന്നത്‌. ഇയാളുടെ കയ്യില്‍ നിന്ന്‌ സുഹൃത്തിന്റെ തിരിച്ചറിയില്‍ രേഖ ഉപയോഗിച്ച്‌ എടുത്ത സിം പോലീസ്‌ പിടിച്ചെടുത്തു. തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ അയല്‍വാസിയുടെ ഭാര്യയെ പ്രേമിച്ചിരുന്നുവെന്നും അയല്‍വാസിയെ കുരുക്കാന്‍ അയാളുടെ തിരിച്ചറിയില്‍ കാര്‍ഡും ഫോട്ടോയും ഉപയോഗിച്ച്‌ സിം ഉണ്ടാക്കി വ്യാജബോംബ്‌ സന്ദേശം അയക്കുയായിരുന്നെന്നും ഗോകുല്‍ സമ്മതിച്ചു. ഇതുവഴി അയല്‍വാസിയെ കുരുക്കി ജയിലിലാക്കുകയായിരുന്നത്രെ ഗോകുലിന്റെ ലക്ഷ്യം.

അയല്‍വാസിയുടെ ഫോട്ടോയും തിരിച്ചറയില്‍കാര്‍ഡിന്റെ കോപ്പിയും എങ്ങിനെ ഗോകുലിന്റെ കയ്യിലെത്തിയെന്നും അന്വേഷണം നടക്കുന്നുണ്ട്‌
കോടിതിയില്‍ ഹാജരാക്കിയ ഗോകുലിനെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.