ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് വിവരം അറിയിച്ചത്.

തൃപ്പുണിത്തറ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫ് ഹൈടെക് സെല്ലില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നു വന്നിരുന്നത്. കഴിഞ്ഞ രണ്ടു ദിവസവും എട്ട് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലാണ് നടത്തിയത്.ചോദ്യം ചെയ്യല്‍ വിജയകരമായിരുന്നെന്നും എല്ലാകാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്താനായാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നടപടികള്‍ വൈകിയതാണ് അറസ്റ്റ് വൈകാന്‍ കാരണമമായത്. അറസ്റ്റ് മുമ്പ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പരിശോധനയ്ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അനുമതിക്കായി ഐ.ജിക്കും അയച്ചു കൊടുത്തിരുന്നു. ഇവരുടെ മറുപടി ലഭിച്ച ശേഷമാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ വിവരം പഞ്ചാബ് പോലീസിനെയും അവിടെത്തെ അഭിഭാഷകനെയും കന്യാസ്ത്രീകളെയും ബന്ധുക്കളെയും ഔദ്യോഗികമായി അറിയിച്ചിരുന്നു. അതെസമയം ബിഷപ്പിന് ഇടക്കാല ജാമ്യം ലഭിക്കുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

ബിഷപ്പിന്റെ അറസ്റ്റ് നടന്നതോടെ ഏറെ നാളത്തെ അനിശ്ചിതത്വത്തിനും നാടകീയ സംഭവ വികാസങ്ങള്‍ക്കും അഞ്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ ഹൈക്കോടതിക്ക് സമീപത്തെ വഞ്ചി സ്‌ക്വയറില്‍ നടന്നു വരുന്ന സമരത്തിനും ആണ് താല്‍ക്കാലിക വിരാമമായത്.

അതെസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നവെന്ന വാര്‍ത്ത കന്്യാസ്ത്രീമാരുടെ സമരപ്പന്തലില്‍ ആഹ്ലാദാരവങ്ങളോടെയാണ് സ്വീകരിച്ചത്. അന്വേഷണ സംഘത്തിന്റെ തീരുമാനത്തില്‍ സന്തോഷമുള്ളതായും സമരത്തിന്റെ ബാക്കി കാര്യങ്ങള്‍ എന്തൊക്കയാണെന്ന് തീരുമാനിക്കുമെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു.