ഫ്രാന്‍സിലെ കൂട്ടകുരുതി: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

Story dated:Saturday July 16th, 2016,05 17:pm

ഫ്രാന്‍സിലെ നീസില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമാക്കാണ് വിവരം പുറത്തു വിട്ടത്. ഇന്നലെ നടന്ന ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ആളുകളെ കൊലപ്പെടുത്തിയ അക്രമി ഐഎസ് ഭീകരില്‍ ഒരാളാണെന്നും അമാക്ക് അവകാശപ്പെട്ടു.

ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് മനുഷ്യ കുരുതി നടത്തിയത്. ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ബാസ്റ്റിലെ ദിനത്തോട് അനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിന് ശേഷമായിരുന്നു നൈസിനെ ചോരപ്പുഴയാക്കി മാറ്റിയ ഭീകാരാക്രമണം നടന്നത്. നൈസിലെ റോഡിലെങ്ങും ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ മാത്രമാണുള്ളത്.

കരിമരുന്ന് പ്രയോഗം കണ്ട് ആഹഌദഭരിതയായിരുന്ന ജനക്കൂട്ടത്തിനു നേരെ പാഞ്ഞെത്തിയ ട്രക്ക് ആളുകളെ ചതച്ചരച്ചു കളഞ്ഞു. ഭയചകിതരായ ജനങ്ങള്‍ നാലുപാടും ചിതറി ഓടിയെങ്കിലും അക്രമി പിന്നാലെയെത്തി അവരെയെല്ലാം ട്രക്കിന്റെ കൂറ്റന്‍ ടയറുകള്‍ക്ക് ഇരയാക്കി. ഉടന്‍ തന്നെ പൊലീസും സുരക്ഷാസേനയും പാഞ്ഞെത്തി ഇയാളെ വെടിവെച്ചു കൊന്നു.കഴിഞ്ഞ വര്‍ഷം നവംബറില്‍ പാരീസിലെ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതിന്റെ മുറിവ് ഉണങ്ങുന്നതിന് മുമ്പാണ് ഫ്രാന്‍സിനെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു ആക്രമണം.