ഗൗരിയമ്മ സിപിഎമ്മിലേക്ക്‌

gouryammaആലപ്പുഴ: 21 വര്‍ഷങ്ങള്‍ക്ക്‌ ശേഷം കെആര്‍ ഗൗരിയമ്മ സിപിഎമ്മിലേക്ക്‌ മടങ്ങുന്നു.ആഗസ്‌ത്‌ 19 ന്‌ കൃഷ്‌ണപിള്ളദിനത്തില്‍ ആലപ്പുഴയില്‍ വെച്ചാണ്‌ ലയന സമ്മേളനം. 21 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സിപിഎമ്മിലേക്ക്‌ ഗൗരിയമ്മ മടങ്ങിയെത്തുന്നത്‌.
ആലപ്പുഴയിലെ ചാത്തനാട്ട ഗൗരിയമ്മയുടെ വസതിയിലെത്തി സിപിഐഎം സംസ്ഥാനസക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നടത്തിയ അവസാനഘട്ട ചര്‍ച്ചക്ക്‌ ശേഷമാണ്‌ ഈ പ്രഖ്യാപനം ഉണ്ടായത്‌. ഗൗരിയമ്മക്ക്‌ അര്‍ഹമായ സ്ഥാനം പാര്‍ട്ടിയില്‍ നല്‍കാമെന്ന ഉറപ്പ്‌ നല്‍കയതായാണ്‌ സൂചന.
രണ്ട്‌ തവണ യുഡിഎഫ്‌ മന്ത്രിസഭകളില്‍ ജെഎസ്‌എസിന്‌ പ്രതിനിധീകരിച്ച്‌ മന്ത്രിയായിട്ടുള്ള ഗൗരിയമ്മ രണ്ട വര്‍ഷത്തോളമായി യുഡിഎഫുമായി രസത്തിലല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തന്നെ തോല്‍പ്പിച്ചത്‌ കോണ്‍ഗ്രസ്സുകാരാണെന്ന്‌ ഗൗരിയമ്മ ഉറച്ച്‌ വിശ്വസിക്കുന്നുണ്ട്‌.
ജെഎസ്‌എസ്സ്‌ ഇടതുപാളയത്തിലെത്തുന്നതോടെ ഒരു വിഭാഗം വിയോജിപ്പുമായി രംഗത്തെത്തി. സംസ്ഥാനപ്രസിഡന്റ്‌ അഡ്വ എന്‍ പ്രദീപ്‌ സിപിഎമ്മുമായി ലയിക്കാന്‍ തയ്യാറല്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

1994 ജനുവരി ഒന്നിനാണ്‌ ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന്‌ പുറത്താക്കിയത്‌. രണ്ട്‌ ദിവസം സിപിഎം സംസ്ഥാനസമതി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന കുറ്റത്തിന്‌ അ ഗൗരിയമ്മയെ പുറത്താക്കുകയായിരുന്നു. അന്നത്തെ സംസ്ഥാന സെക്രട്ടറി ഇകെ നായനാരാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌. തുടര്‍ന്ന്‌ 1994 മാര്‍ച്ച്‌ 14 ന്‌ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ ഒരു രാഷ്ടീയ പാര്‍ട്ടി കേരളത്തില്‍ പിറവിയെടുക്കയായിരുന്നു.