യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു: മോദിക്ക് രൂക്ഷവിമര്‍ശനം, ജനാധിപത്യം അപകടത്തില്‍

ദില്ലി:  മുന്‍ ധനകാര്യമന്ത്രിയും ബിജെപി ദേശീയനിര്‍വ്വാഹകസമിതിയംഗവുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു.

മോദി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുകായണെന്ന് ആരോപിച്ച യശ്വന്തസിന്‍ഹ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടാനും തിരുത്താനും മുന്നോട്ട് വരണമെന്നും ആവിശ്യപ്പെട്ടു.

ഇന്ന് മുതല്‍ ഞാന്‍ രാഷ്ടീയ ‘സന്യാസ്’ ത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് സിന്‍ഹ തന്റെ പൊതുരാഷ്ട്രീയമേഖലയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണന്ന സൂചനയും നല്‍കി .

രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെ മോദി നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2014ല്‍ ബിജെപി നേടിയ ചരിത്രവിജയത്തില്‍ താന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. രാജ്യത്തിന്റെ ഭാവിയും ദിശയും നിര്‍ണ്ണയിക്കപ്പെടുമെന്നും കരുതിയിരുന്നു എന്നാല്‍ ഭരണം കിട്ടി നാല് വര്‍ഷം കഴിയുമ്പോള്‍ രാജ്യത്ത് ആയിരക്കണക്കിന് രൂപയുടെ തട്ടിപ്പും അഴിമതിയും നടക്കുന്നു. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ തന്നെ തകിടം മറഞ്ഞു. രാജ്യത്ത് ബലാത്സംഗവും വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.