ഗര്‍ഭസ്ഥശിശു മരിച്ചു;പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

2015-03-23-13.00.47പരപ്പനങ്ങാടി: 9 മാസം പ്രായമെത്തിയ ഗര്‍ഭസ്ഥശിശു മെഡിക്കള്‍കോളേജ് ആശുപത്രിയില്‍വെച്ച് മരണമടഞ്ഞതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ നടത്തിയിരുന്ന സ്വകാര്യാശുപത്രിക്കെതിരെ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പരപ്പനങ്ങാടി നഹാസ് ആശുപത്രിയുടെ മുന്നിലാണ്‌  സംഘര്‍ഷമുണ്ടായത്. ചികിത്സയിലെ അപാകതയാണ് കുഞ്ഞി്‌ന്റെ മരണത്തിന് കാരണമെന്നാരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും  ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധവുമായെത്തിയത്.

വള്ളിക്കുന്ന് ആനങ്ങാടി സ്വദേശികളായ കഞ്ഞിരത്ത് വീട്ടില്‍ മുഹമ്മദ് ഹസ്സന്‍, സുഹറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഗര്‍ഭസ്ഥകാലം മുഴുവന്‍ സുഹറയെ ഈ ആശുപത്രിയിലാണ് ചികിത്സിച്ച് കൊണ്ടിരുന്നത്.

കഴിഞ്ഞ മാര്‍ച്ച് 17 ന് രാത്രി യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എ്ന്നാല്‍ 18ന് പുലര്‍ച്ചെ രണ്ടുമണിയോടെ ഗര്‍ഭസ്ഥ ശിശുവിന് നില ഗുരുതരമായതിനെ തുടര്‍ന്ന കൂടുതല്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കുഞ്ഞ് ഇവിടെ വെച്ചുതന്നെ മരണപ്പെട്ടിരുന്നെന്നും ആ സമയത്ത് അത് തങ്ങളെ അറിയിച്ചില്ലെന്നുമാണ് ബ്ന്ധുക്കളുടെ ആരോപണം. യുവതിയുടെ ബ്ലഡ് ഗ്രൂപ്പ് പോലും തെറ്റായാണ് രേഖപ്പെടുത്തയിരിക്കുന്നതെന്ന് മെഡിക്കല്‍ കോളേജില്‍ എത്തി പരിശോധന നടത്തിയപ്പോളാണ് തങ്ങള്‍ മനസ്സിലാക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന സമയത്തു തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് വളരെ കുറവായിരുന്നെന്നും യുവതിയെ കൂടുതല്‍ പരശോധനക്ക് വിധേയമാക്കിയപ്പോല്‍ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടത്തുകയും തുടര്‍ന്ന് ഉടന്‍ തന്നെ കൂടതല്‍ ചികത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് നഴ്‌സമാരുടെ പരിചരണത്തോടെ അയക്കുകയും ചെയ്‌തെന്നാണ് ചികത്സ നടത്തിയ ഡോക്ടറുടെ വിശദീകരണം.

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് യുവതിയുടെ ബന്ധുക്കളുമായും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. മരണകാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിനും ശേഷം നടപടി സ്വീകരിക്കാമെന്ന പോലീസിന്റെ ഉറപ്പില്‍ ബന്ധുക്കള്‍ പിരിഞ്ഞുപോകുകയായിരുന്നു.