മുംബൈയില്‍ വെള്ളപ്പൊക്കം

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. ശക്തമായ വേലിയേറ്റത്തിന് സാധ്യതയുള്ളതുകൊണ്ട് ജനങ്ങളോട് കഴിയുന്നതും പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളിലെ സ്ഥിതി രൂക്ഷമാണ്.

നഗരത്തില്‍ ചൊവ്വാഴ്ച പകല്‍ 8.30 മുതല്‍ 12 വരെ 86 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊളാബയില്‍ മാത്രം 150-200 മില്ലി മീറ്റര്‍ മഴപെയ്തു. താനെ, റെയ്ഗാദ്, പല്‍ഗാര്‍ എന്നീ ജില്ലകളിലും കനത്ത മഴയാണ്. വരുന്ന 48 മണിക്കൂറില്‍ മുംബൈ, സൌത്ത് ഗുജറാത്ത്, കൊങ്കണ്‍, ഗോവ, പടിഞ്ഞാറന്‍ വിദര്‍ഭ എന്നിവിടങ്ങളില്‍ 250 മില്ലി മീറ്റര്‍ മഴവരെ ലഭിക്കാമെന്നാണ് റിപ്പോര്‍ട്ട്.

റോഡ്-ട്രെയിന്‍, വ്യോമഗതാഗതം താറുമാറായി. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലും റോഡുകളിലും ചേരികളിലും വെള്ളം കയറി. പൊലീസും ദുരന്തനിവാരണ സേനയും രംഗത്തിറങ്ങിയിട്ടുണ്ട്. ആള്‍നാശവും മറ്റ് അപകടങ്ങളും കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ബാന്ദ്ര-വാര്‍ളി സമുദ്രപാത അടച്ചിട്ടു.

100 വിളിച്ച് സഹായം ആവശ്യപ്പെടാമെന്നും മുംബൈ പൊലീസിന്റെ ട്വിറ്റര്‍ പേജിലേക്ക് സന്ദേശമയച്ചാലും ഉടന്‍ സഹായമെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും മുംബൈ പൊലീസ് കമീഷണര്‍ പറഞ്ഞു.