പറക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ കടലില്‍ വീണു

മിയാമി : പറക്കുന്ന ചെറു വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ കടലില്‍ വീണു. വിമാനത്തിലെ പൈലറ്റാണ് യാത്രക്കാരന്‍ കടലില്‍ വീണ വിവരം ഫെഡറല്‍ ഏവിയെഷന്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് വിളിച്ചു പറഞ്ഞത്. വിമാനം 600 മീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെയാണ് തങ്ങള്‍ക്ക് സന്ദേശം ലഭിച്ചതെന്ന് അഡ്മിനിസട്രേഷന്‍ വക്താവ് അറിയിച്ചു.

അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ്, അഗ്നിശമന സേന, വ്യോമ ജല യൂണിറ്റുകള്‍ എന്നിവ കടലില്‍ തിരച്ചില്‍ നടത്തി വരികയാണ്. അതേ സമയം വിമാനം സുരക്ഷിതമായി തമിയാമി വിമാനതാവളത്തില്‍ ലാന്‍ഡ് ചെയ്തു.

വിമാനത്തിന്റെ പുറകുവശത്തെ ഡോര്‍ തുറന്നാണ് യാത്രക്കാരന്‍ കടലില്‍ ചാടിയതെന്നാണ് പൈലറ്റ് പറഞ്ഞത്. എന്നാല്‍ പൈലറ്റിന്റെ സന്ദേശം അവിശ്വസനീയതോടെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം കേട്ടത്. കോസ്റ്റ് ഗാര്‍ഡിനെയും അഗ്നി ശമന വിഭാഗത്തെയും രക്ഷാ പ്രവര്‍ത്തനത്തിനായി ബന്ധപ്പെട്ടപ്പോഴും അവര്‍ക്കും വിശ്വസനീയമായിരുന്നില്ല ഈ വാര്‍ത്ത. വാര്‍ത്ത സത്യമാണോ എന്നറിയാനായി പോലീസിനെ വിമാനത്താവളത്തിലേക്ക് അയക്കുകയായിരുന്നു. തമിയാമി വിമാന താവളത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെവെച്ചാണ് അത്യാഹിതം സംഭവിച്ചത്. ഈ ഭാഗത്താണ് തിരച്ചില്‍ നടത്തുന്നത്.