അഞ്ച് കോടിയുടെ കൊക്കെയ്ന്‍ വിദേശിയുടെ വയറില്‍ നിന്ന് പുറത്തെടുത്തു

കൊച്ചി: വിദേശി യുവാവിന്റെ വയറ്റില്‍ നിന്ന് 101 ക്യാപ്‌സ്യൂളുകള്‍ പുറത്തെടുത്തു. ഡോക്ടര്‍മാരുടെ സഹായത്തോടെ പുറത്തെടുത്ത ക്യാപ്‌സ്യൂളിന് അഞ്ചുകോടി രൂപയോളം വില വരും. വ്യാഴാഴ്ച രാവിലെ എമിറേറ്റ് വിമാനത്തില്‍ ദുബായ് വഴി സാവോപോളോയില്‍ നിന്നെത്തിയ വെനസ്വേല സ്വദേശി ഹാര്‍ലി ഗബ്രിയേല്‍ കാസ്‌ട്രോ കരീനോ ആണു പിടിയിലായത്.

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ വെച്ച് ഇയാളെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ലഹരി വസ്തു വിഴുങ്ങിയതായി സമ്മതിച്ചു. തുടര്‍ന്ന് ഇവ പുറത്തെടുക്കാനായി എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രത്യേകം ക്ലോസറ്റ് തയ്യാറാക്കി ഒന്നര ദിവസം നീണ്ട വയര്‍ കഴുകലിനും ശേഷമാണ് ലഹരി മരുന്ന് പൂര്‍ണമായി പുറത്തെടുത്തത്. കാപ്‌സ്യൂളുകള്‍ കണ്ടെടുത്ത ശേഷം ഇയാളെ സ്‌കാന്‍ ചെയ്തു. ശരീരത്തില്‍ ലഹരി വസ്തുക്കള്‍ ശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.