കൊച്ചിയില്‍ വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് തകര്‍ത്തു; 2 മരണം

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ വിദേശ കപ്പല്‍ ഇടിച്ച് രണ്ടു തൊഴിലാളികള്‍ മരിച്ചു. ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ രക്ഷപ്പെട്ടു. ഒരാള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഞായറാഴ്ച പുലര്‍ച്ച രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു. എന്നാല്‍ പിന്നീട് കോസ്റ്റ് ഗാര്‍ഡ് ഈ കപ്പല്‍ കണ്ടെത്തുകയായിരുന്നു. പനാമയില്‍ നിന്നുള്ള ചരക്കുകപ്പലായ ആംബര്‍ ആണ് അപകടമുണ്ടാക്കിയത്. കപ്പല്‍ കസ്റ്റഡിയിലെടുത്ത് കൊച്ചി തീരത്തേക്ക് കൊണ്ടുവരികയാണ്.

പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍മൈല്‍ അകലെ വെച്ചാണ് അപകടം. രണ്ടുദിവസം മുന്‍പ് മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ കടന്നുപോകുന്ന വഴിയില്‍ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

സെന്റ് ആന്റണീസ് എന്ന ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മത്സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. രക്ഷപ്പെട്ടവരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.