മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങും. ചെറിയ കിളിമീനുകള്‍ പിടിക്കുന്നുവെന്നാരോപിച്ച് ബോട്ടുകള്‍ക്കു വന്‍ പിഴ ചുമത്തുന്ന ഫിഷറീസ് അധികൃതരുടെ നടപടിയിലും ഡീസല്‍ വില വര്‍ധനവിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക, ചെറുമത്സ്യങ്ങളെ പിടിക്കാന്‍ നിബന്ധനകളോടെയുള്ള അനുവാദം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. എല്ലാ ഹാര്‍ബറുകളും സമരത്തിന്റെ ഭാഗമായി അടച്ചിടും. ബോട്ടുകളൊന്നും കടലില്‍ ഇറങ്ങില്ലെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്.

ഇന്നലെ ഫിഷറീസ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചത്.