മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം : മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം – ഫിഷറീസ്‌ മന്ത്രി

തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ബിമാപ്പള്ളി, പൂന്തുറ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുന്നതിന്‌ ഫിഷറീസ്‌-ഹാര്‍ബര്‍ എഞ്ചിനീയറിങ്‌-കശുവണ്ടി വ്യവസായ മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ സെക്രട്ടേറിയറ്റ്‌ നോര്‍ത്ത്‌ കമ്മിറ്റി ഹാളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തു. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുന്നതിന്‌ പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തുന്നതിനും മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
പുനരധിവാസ പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം കണ്ടെത്തുന്നതിന്‌ സമൂഹത്തിലെ എല്ലാ ആളുകളില്‍ നിന്നും നിര്‍ലോഭമായ സഹകരണം ആവശ്യമാണെന്ന്‌ മന്ത്രി പറഞ്ഞു. അതിനാലാണ്‌ ആ മേഖലയിലെ വിവിധ തൊഴിലാളി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്‌.
പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സവിസ്‌തരം പഠിച്ച്‌ കമ്മറ്റി മൂന്ന്‌ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതാണ്‌. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനം എടുക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം തഹസില്‍ദാര്‍ കമ്മിറ്റിയുടെ കണ്‍വീനറായിരിക്കും. ഈ മേഖലയിലെ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ – തൊഴിലാളി പ്രതിനിധികള്‍, സന്നദ്ധസംഘടനകളുടെ രണ്ട്‌ പ്രതിനിധികള്‍, തിരുവനന്തപുരം രൂപതയുടെ രണ്ട്‌ പ്രതിനിധികള്‍ എന്നവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
വി.എസ്‌. ശിവകുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, കൗണ്‍സിലര്‍മാര്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി മാനേജിങ്‌ ഡയറക്ടര്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്ടര്‍, മറ്റ്‌ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.