ചെറുമീനുകളെ പിടിച്ച ട്രോളറുകള്‍ കസ്റ്റഡിയില്‍

പൊന്നാനി: പൊന്നാനി ഹാര്‍ബറില്‍ നിന്നും പട്രോളിംഗിനായി കടലില്‍ പോയ ഫിഷറീസ് വകുപ്പിലെ ജീവനക്കാര്‍ കടലില്‍ വലിയ ബോട്ടില്‍ നിന്നും പകര്‍ത്തി ചെറുവഞ്ചികളില്‍ കരയില്‍ എത്തി ചെറു മത്സ്യങ്ങളെ വില്‍ക്കുന്ന മഞ്ഞുമാതാ-1, മഞ്ഞ് മാതാ 2 എന്നീ ബോട്ടുകള്‍ കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ പിടികൂടി കരയിലെത്തിച്ചു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ രണ്ട് കിലോഗ്രാം വരെ തൂക്കം വരുന്ന തളയന്‍ എന്ന സാമ്പത്തിക പ്രാധാന്യമുളള മത്സ്യത്തിന്റെ 10 സെ.മീറ്റര്‍ വലുപ്പം മാത്രമുളള 50 ഗ്രാം തൂക്കവുമുളള 300 ടണ്‍ മത്സ്യം രണ്ട് ബോട്ടുകളിലും ഉണ്ടായിരുന്നു. മംഗലാപുരത്ത് ഫിഷ് മീല്‍ പ്ലാന്റുകളിലേക്കാണ് പ്രധാനമായും ഈ മത്സ്യകുഞ്ഞുങ്ങളെ വന്‍തോതില്‍ കൈമാറുന്നത്. പിടികൂടിയ മത്സ്യം നശിപ്പിച്ച് കളയുകയാണ് പതിവ്.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഒ അംജദ്, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ എ.എ.സുലൈമാന്‍, കോസ്റ്റല്‍ പോലീസ് സി.പി.ഒ രഞ്ജിത്ത്,റസ്‌ക്യൂ ഗാര്‍ഡ് അന്‍സാര്‍ എന്നിവരടങ്ങിയ പട്രോള്‍ ടീമാണ് നിയമലംഘനം നടത്തിയ ബോട്ടുകള്‍ പിടികൂടിയത്. മെക്കാനിക്ക് ടി.യു മനോജ് ബോട്ടിന്റെ ഇന്‍വെന്ററി റിപ്പോര്‍ട്ട് തയ്യാറാക്കി
എറണാംകുളം ജില്ല മുനമ്പം സ്വദേശിയായ അലോഷ്യസ്,കന്യാകുമാരി സ്വദേശിയായ ആന്റണി ദാസ് എന്നിവരുടെതാണ് രണ്ട് ബോട്ടുകളും. ഉടമകള്‍ നേരിട്ട് ഹാജരായി നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി രണ്ട് ബോട്ടുകളും പൊന്നാനി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റല്‍ പോലീസിന്റെയും കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നു.