മത്സ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയാന്‍ ക്യുക് റെസ്പോണ്‍സ് ടീമുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

മലപ്പുറം ജില്ലയിലെ 11 മത്സ്യമാര്‍ക്കറ്റുകളിലും 8 ഐസ് പ്ലാന്റുകളിലും പരിശോധന

മലപ്പുറം: മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുകള്‍ ചേര്‍ക്കുന്നത് തടയാന്‍ ശക്തമായ നടപികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യങ്ങളെത്തിക്കുന്ന ലോറികളിലും ഐസ് ഫാക്ടറികളിലും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ചു. ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ക്യുക്ക് റെസ്പോസ് ടീം രൂപീകരിച്ച് പരിശോധന തുടരുകയാണ്.

മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ പോലുള്ള ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയത്. പൊന്നാനി, തിരൂര്‍, താനൂര്‍, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, കൂട്ടിലങ്ങാടി, പെരിന്തല്‍മണ്ണ, മങ്കട, മക്കരപ്പറമ്പ്, കുളത്തൂര്‍ എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി .28 തരം മത്സ്യങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ റീജ്യനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനക്കയച്ചിരുന്നു.
ജില്ലയിലെ എട്ട് ഐസ് പ്ലാന്റുകളില്‍ നിന്നുള്ള ഐസ് ബ്ലോക്കുകളുടെയും ഐസ് നിര്‍മിക്കാന്‍ ഉപയോഗിച്ച വെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. തമിഴ്നാട് അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ലോറികളില്‍ ടണ്‍കണക്കിന് മത്സ്യമെത്തിക്കുന്ന ലോറികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം മത്സ്യലോറികളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. ഇതിന് പുറമെ മത്സ്യങ്ങളില്‍ സ്ട്രിപ്പ് ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മത്സ്യങ്ങള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതായുള്ള പരാതികളില്‍ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി നിയോഗിക്കപ്പെട്ട ക്യുക്ക് റെസ്പോണ്‍സ് ടീം പരാതികള്‍ ലഭിക്കുന്നമുറയ്ക്ക് നടപടികള്‍ സ്വീകരിച്ചുവരികയാണ്. രണ്ട് ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരും സഹായിയും അടങ്ങുതാണ് ടീം. പരിശോധനകള്‍ തുടരുമെന്നും ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുഗുണന്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ തോതില്‍ മായം കലര്‍ത്തുന്നത് ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. മായം കലര്‍ന്ന ഭക്ഷണം കഴിച്ചതു കാരണം മരണം സംഭവിച്ചാല്‍ ജീവിത കാലം വരെ തടവും പിഴയുമാണ് ശിക്ഷ. ലൈസന്‍സില്ലാതെ കച്ചവടം ചെയ്താല്‍ ആറു മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയവുമാണ് നിയമം അനുശാസിക്കുന്നത്. പരാതികള്‍ 04832732121 നമ്പറില്‍ അറിയിക്കാം.