രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഫയര്‍ഫോഴ്‌സിന് ആധുനിക സംവിധാനം

മലപ്പുറം: രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്താന്‍ ഫയര്‍ഫോഴ്‌സിന് ആധുനിക സംവിധാനം. വിമാനത്താവളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കു സംവിധാനത്തിന്റെ ചെറുരൂപമാണ് ഫയര്‍ഫോഴ്‌സിന് ലഭിച്ചിരിക്കുന്നത്. അത്യാഹിത ഘട്ടങ്ങളില്‍ ഉള്‍വഴികളിലൂടെ രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ ഫയര്‍ഫോഴ്‌സ് അഭിമുഖീകരിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരമായി. മിനി വാട്ടര്‍ മിക്‌സര്‍ എന്ന ആധുനിക സംവിധാനത്തിലൂടെ വെള്ളവും പ്രത്യേക രാസപദാര്‍ത്ഥവും ചേര്‍ത്ത് വേഗത്തില്‍ തീയണക്കാം.

അക്വുയോസ് ഫിലിം ഫോമിങ് ഫോം എന്ന വിലപിടിപ്പുള്ള രാസപദാര്‍ത്ഥം 50 ലിറ്ററും 400 ലിറ്റര്‍ വെള്ളവും ബാക്കി വായുവും വഹിക്കാവുന്ന ഈ വാഹനം ഫയര്‍ഫോഴ്‌സിന്റെ വലിയ വാഹനത്തേക്കാള്‍ വേഗത്തില്‍ ഓടിയും ചെറിയ വഴികളിലൂടെ മുന്നേറിയും രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍മാന്‍മാരെ സഹായിക്കും. ഡ്രൈവര്‍ അടക്കം അഞ്ചു പേരെ ശരവേഗത്തില്‍ മുന്നോട്ട് നയിച്ച് രക്ഷാപ്രവര്‍ത്തനം മികവുറ്റതാക്കാന്‍ ഉഗ്രന്‍ പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കാവുന്ന സംവിധാനമാണിതെന്ന് ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫീസര്‍ കെ.എം അഷ്റഫലി പറഞ്ഞു.

ചെറിയ തീപിടുത്തങ്ങള്‍, പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നുള്ള അഗ്നിബാധ ഇവയയൊക്കെ ചെറുക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. വാഹനാപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ ഹൈഡ്രോളിക് ഗ്യാസ് കട്ടറുമുണ്ട് ഈ സംവിധാനത്തില്‍. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇത്തരം 35 സുരക്ഷാ വാഹനങ്ങളാണ് ഫയര്‍ഫോഴ്‌സിന് നല്‍കിയത്.