ഷൂട്ടിങ്ങിനും ആഘോഷങ്ങള്‍ക്കും ഇനി ഫയര്‍ എഞ്ചിന്‍ കിട്ടില്ല

6401702741_163158b7db_bതിരുവനന്തപുരം: ഫയര്‍ എഞ്ചിനുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിനു നിരോധനം. ഫയര്‍ഫോഴ്‌സ്‌ കമന്റ്‌ന്റ്‌ ജനറല്‍ ഡോ. ജേക്കബ്‌ തോമസിന്റേതാണ്‌ ഈ ഉത്തരവ്‌. പുതിയ ഉത്തരവ്‌ ആഗസ്റ്റ്‌ 25 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉത്തരവ്‌ ലംഘിക്കുന്നവരെ 24 മണിക്കൂറിനകം സസ്‌പെന്റ്‌ ചെയ്യാനും ഉത്തരവില്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

സിനിമാ ഷൂട്ടിങ്ങിനോ, മറ്റ്‌ ആഘോഷങ്ങള്‍ക്കോ, ഉത്സവപറമ്പിലോ ഇനി മുതല്‍ ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിക്കാന്‍ നല്‍കരുതെന്ന്‌ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിന്‌ പുറമെ പരേഡ്‌ ഗ്രൗണ്ടിലും മറ്റും വെള്ളം നനയ്‌ക്കാനും ആള്‍ക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങളിലും പോലീസ്‌ ആവശ്യപ്പെട്ടാലും ഫയര്‍ എഞ്ചിനുകള്‍ നല്‍കില്ല.

അടൂര്‍ ഐഎച്ച്‌ആര്‍ഡി എഞ്ചിനിയറിംഗ്‌ കോളേജില്‍ ഓണഘോഷത്തിനായി ഫയര്‍എഞ്ചിന്‍ നല്‍കിയതും വിദ്യാര്‍ത്ഥികള്‍ വാഹനത്തിന്‌ മുകളില്‍ കയറിയതും വെള്ളം ചീറ്റിച്ചതും വിവാദമായ പശ്ചാത്തലത്തിലാണ്‌ പുതിയ ഉത്തരവ്‌. ഈ സംഭവത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു.

ഇതുവരെ പണമടച്ചാല്‍ എന്താവശങ്ങള്‍ക്കും ഫയര്‍ എഞ്ചിന്‍ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവോടെ ഈ രീതി ഇല്ലാതാകും. അതെസമയം എന്തെങ്കിലും അപകടം ഉണ്ടായാല്‍ 101 എന്ന നമ്പറില്‍ വിളിച്ച്‌ ഫയര്‍ഫോഴ്‌സ്‌ സേവനം ആവശ്യപ്പെടാവുന്നതാണ്‌. അറിയിപ്പു ലഭിച്ച്‌ 20 സെക്കന്റിനകം ജീവനക്കാര്‍ ഉപകരണവുമായി ഫയര്‍‌സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥരും വാഹനവും സേവനസജ്ജരായി 24 മണിക്കൂറും ഫയര്‍ സ്റ്റേഷനില്‍ ഉണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്‌.