തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ വന്‍ തീപ്പിടുത്തം

tirupathiഹൈദരബാദ്‌: പ്രശസ്‌തമായ .തിരുപ്പതി ക്ഷേത്രത്തില്‍ തീപ്പിടുത്തം. തിരുമല തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രത്തിലാണ്‌ തീപ്പിടുത്തമുണ്ടായത്‌. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം നടന്നത്‌. ക്ഷേത്രത്തിലേക്ക്‌ ലഡ്ഡു ഉണ്ടാക്കുന്ന അടുക്കളയിലാണ്‌ തീപിടിച്ചത്‌. അടുപ്പില്‍ നിന്നുള്ള തീ പടരുകയായിരുന്നു എന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

അപകടത്തില്‍ ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ്‌ കണക്ക്‌. മൂന്ന്‌ യൂണിറ്റ്‌ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ്‌ തീ അണച്ചത്‌. ഭക്തജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ്‌ പ്രശസ്‌തമായ തിരുമല തിരുപ്പതി ദേവസ്ഥാനം. മലയാളികളടക്കം ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ ഇവിടെ വര്‍ഷം തോറും ദര്‍ശനം നടത്താറുള്ളത്‌. തെക്കേ ഇന്ത്യയിലം ഏറ്റവും പ്രശസ്‌തമായ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ്‌ തിരുമല തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രം.