ദോഹയില്‍ മുഴുവന്‍ വിദേശ തൊഴിലാളകളുടെയും വിരലടയാളം ഡിജിറ്റലാക്കി സൂക്ഷിക്കുന്നു

ദോഹ: രാജ്യത്തെ മുഴുവന്‍ വിദേശ തൊഴിലാളികളുടെയും വിരലടയാളം ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കാനുള്ള പ്രവൃത്തി ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന്‌ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 1.6 ദശലക്ഷ വിരലടയാളങ്ങള്‍ റെക്കോര്‍ഡാക്കി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ ഇലക്ട്രോണിക്‌ രൂപത്തിലാക്കുന്ന നടപടികള്‍ പുരോമിച്ച്‌ കൊണ്ടിരിക്കുകയാണെന്ന്‌ സി.ഇ.ഐ.ഡി ഫിംഗര്‍ പ്രിന്റിങ്‌ വിഭാഗം തലവന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ മുബാറക്‌ അല്‍ സുബി വ്യക്തമാക്കി.

ഈ വിരങ്ങള്‍ ആദ്യകാലത്ത്‌ കടലാസിലാക്കിയാണ്‌ സൂക്ഷിച്ചിരുന്നത്‌. എന്നാല്‍ 2014 ഏപ്രില്‍ 17 മുതലാണ്‌ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുള്ള നടപിടി ആരംഭിച്ചത്‌. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്‌ ഡിപ്പാര്‍ട്ടുെന്റുമായി സഹകരിച്ചാണ്‌ ഈ പ്രവര്‍ത്തനം നടത്തി വരുന്നത്‌.

ദിവസം 2000 മുതല്‍ 2600 വരെ വിരലടയാളങ്ങളാണ്‌ ശേഖരിക്കുന്നത്‌. അഞ്ച്‌ മുതല്‍ പത്ത്‌ മിനിട്ടിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കുകയും ഇവ പിന്നീട്‌ പാസ്‌പോര്‍ട്ട്‌ മന്ത്രാലയത്തിന്‌ കൈമാറുകയുമാണ്‌ പതിവ്‌. പുതുതായി എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക്‌ താമസരേഖ നല്‍കുന്നതിന്‌ മുന്നോടിയായി ഇത്‌ നിര്‍വഹിക്കുക. ശേഷം ഇവ തിരിച്ചറിയല്‍ രേഖയായി സര്‍വറില്‍ സൂക്ഷിക്കുകയും ചെയ്യും.

വിരലടയാളം പകര്‍ത്താനായി മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷം എത്തുന്നവര്‍ക്ക്‌ വലിയ തിക്കനുഭവിക്കാതെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ കുറഞ്ഞ തൊഴിലാളികളുടെ സംഘത്തെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ വിരലടയാളം പകര്‍ത്താനായി അയക്കാവുന്ന സാഹചര്യമാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും അല്‍ സുബി അറിയിച്ചു. ഇത്തരം കമ്പനികള്‍ ഞായറാഴ്‌ചയും തിങ്കളാഴ്‌ചയുമായിരിക്കണം തങ്ങളുടെ തൊഴിലാളികളെ അയക്കേണ്ടതെന്നും മറ്റു ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.