സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കാലതാമസം വരുത്താന്‍ നീക്കം

kerala-secretariatതിരു: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കാലതാമസം വരുത്താന്‍ നീക്കം. ശമ്പളം എഴുതുന്നതിലുള്ള പുതിയ ബില്‍ ബുക്കുകള്‍ കൈമാറുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ ആദ്യ ആഴ്ചയില്‍ തന്നെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് എന്ന പേരില്‍ 2,000 കോടി രൂപ കടമെടുക്കാനായി കേരളം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതില്‍ നൂറുകോടിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ആവശ്യമായ 3,000 കോടി രൂപയുടെ വിതരണം പരമാവധി വൈകിപ്പിക്കാനുള്ള തന്ത്രം ഇപ്പോള്‍ ധനവകുപ്പ് പ്രാവര്‍ത്തികമാക്കുന്നുണ്ട്. തുക മുഴുവന്‍ കൊടുത്തു തീര്‍ക്കേണ്ടി വരുമെങ്കിലും പരമാവധി ചെറിയ ഗഡുക്കളായി ഏപ്രില്‍ 10 വരെയെങ്കിലും ശമ്പള വിതരണം നീട്ടാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പളം എഴുതാനുള്ള ബില്‍ ബുക്കുകളുടെ വിതരണം വൈകിച്ചു. വൈകി സമര്‍പ്പിക്കപ്പെടുന്ന ബില്ലുകള്‍ ഏപ്രില്‍ 10 വരെ മാറ്റി വെക്കാം. ഇത്രയും സമയം നീട്ടി കിട്ടിയാല്‍ ട്രഷറി പൂട്ടുന്നത് ഒഴിവാക്കാം എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ചൊവ്വാഴ്ച ആകുമ്പോഴേക്കും കേന്ദ്ര നികുതി വിഹിതം, വില്‍പ്പന നികുതി എന്നിവയുള്‍പ്പെടെയുള്ള ഫണ്ടുകള്‍ ട്രഷറിയിലേക്ക് എത്തും. നേരത്തെ സമര്‍പ്പിക്കപ്പെട്ട ബില്ലുകള്‍ മാറുന്നതിന് പരമാവധി ആവശ്യം വരുന്ന 500 കോടി രൂപയുടെ നീക്കിയിരുപ്പ് ട്രഷറിയിലുണ്ട്.

ലീവ് സറണ്ടര്‍ അടക്കമുള്ള ആനുകൂല്ല്യത്തിനുള്ള അപേക്ഷകള്‍ തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇവയുടെ വിതരണത്തിനായി ഏപ്രില്‍ മെയ് മാസങ്ങളില്‍ 2,000 കോടിയോളം രൂപ ആവശ്യമായി വരാറുണ്ട്. ഭവന നിര്‍മ്മാണ വായ്പകള്‍ക്കുള്ള അപേക്ഷയും പരിഗണിക്കില്ല. 50 മുതല്‍ 100 കോടി രൂപ വരെയാണ് ഈ ഇനത്തില്‍ ഏപ്രിലിലെ ചിലവ്. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കരാറുകാര്‍ക്ക് നല്‍കാനുള്ള ബില്ലുകളുടെ കുടിശ്ശിക 2,400 കോടി രൂപയാണ്. ഇതിന്റെ വിതരണത്തെ കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയാത്തതിനാല്‍ കരാറുകാര്‍ ഇന്നലെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,000 കോടി രൂപയുടെ വായ്പ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കി. ഇത് 1,000 കോടി രൂപക്ക് കടപ്പത്രം പുറപ്പെടുവിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് റിസര്‍വ്വ് ബാങ്കില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ലഭിക്കുന്നതോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.