ഫഹദ് ഫാസിലിനും നിവിന്‍ പോളിക്കുമെതിരെ ഫെഫ്ക

FAHAD AND NIVINഫഹദ് ഫാസിലിനും നിവിന്‍ പോളിക്കുമെതിരെ സംവിധായകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. ഇരുവരും ലൊക്കേഷനില്‍ കൃത്യനിഷ്ഠ പാലക്കുന്നില്ലെന്നും സാങ്കേതിക പ്രവര്‍ത്തരോട് മോശമായി പെരുമാറുന്നു എന്നുമാണ് പരാതി. കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തിലാണ് ഈ താരങ്ങള്‍ക്ക് നേരെ വിമര്‍ശനമുയര്‍ന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ താരസംഘടനയായ അമ്മക്ക് പരാതി നല്‍കണമെന്നും സംവിധായകര്‍ ആവശ്യപ്പെട്ടു.

ഇതേ യോഗത്തില്‍ സംവിധായകന്‍ രഞ്ജിത്തിനോട് വിശദീകരണം തേടാനും ഫെഫ്ക തീരുമാനിച്ചിട്ടുണ്ട്. രാഘവന്‍മാസ്റ്ററുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ ചലചിത്ര പ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നതാണ് രഞ്ജിത്തിനെതിരെയുള്ള പരാതി.

സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ്‌സിംഗിന്റെ നിര്‍ദ്ദേശം അപ്രായോഗികമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഫെഫ്കയുടെ യോഗത്തില്‍ തീരുമാനമുണ്ടായിട്ടുണ്ട്. യോഗത്തില്‍ സംവിധായകന്‍ കമല്‍ അദ്ധ്യക്ഷം വഹിച്ചു.