പ്രശസ്ത സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമത്തിലുള്ള വസതിയില്‍ 11 മണിയോടെയാണ് അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് മേക്കറില്‍ ഒരാളായിരുന്നു ഐ.വി ശശി.

150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

1968 ല്‍ എ വി രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ വി ശശി സിനിമാരംഗത്തേക്ക് കടന്നു വന്നത്. 1975ല്‍ ഉമ്മര്‍ നായകനായി അഭിനയിച്ച ഉത്സവമാണ് ആദ്യ ചിത്രം. 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാന ചിത്രം.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐവി ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തുന്നത്. 1982 ല്‍ ആരൂഢം എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധാനയകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്ത്രതിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിം ഫെയര്‍ അവാര്‍ഡും ഫിലം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരവും അദേഹത്തിന് ലഭിച്ചു.