ഫിഫ അണ്ടര്‍ 17 ലോക കപ്പിന് കൊച്ചി ഒരുങ്ങി

കൊച്ചി:ഒക്‌ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ വേദിയായ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സ്റ്റേഡിയത്തിന്റെ ബാഹ്യമായ സൗന്ദര്യവല്‍ക്കരണം, സിവില്‍ പ്രവൃത്തികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചുളള പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മന്ത്രിമാരായ എ.സി. മൊയ്തീന്‍, ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന്‍, കെ.ടി. ജലീല്‍, കായിക വകുപ്പ് സെക്രട്ടറി ഡോ.ബി. അശോക്, ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, എറണാകുളം സബ് കളക്ടര്‍ ഡോ. അഥീല അബ്ദുളള, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍, സെക്രട്ടറി എം.സി ജോസഫ്, സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ എന്നിവര്‍ പങ്കെടുത്തു.

എട്ടു മത്സരമാണ് കൊച്ചിയില്‍ നടക്കുന്നത്. മുംബൈ, ഡല്‍ഹി, ഗോവ, ഗോഹട്ടി, കൊല്‍ക്കത്ത എന്നീ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയും പ്രധാന വേദിയാകുന്നത്. ഒക്‌ടോബര്‍ 7, 10, 12 തിയ്യതികളില്‍ രണ്ടു മത്സരം വീതവും 18-ന് ഒരു മത്സരവും, 22-ന് ക്വാര്‍ട്ടര്‍ ഫൈനലുമാണ് തീരുമാനിച്ചിരിക്കുന്നത്.

മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പനമ്പളളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ട്, ഫോര്‍ട്ട്’് കൊച്ചി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട് എന്നീ നാലു പരിശീലന വേദികള്‍ ഫിഫയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി ക്കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍, ജി.സി.ഡി.എ, കൊച്ചി കോര്‍പ്പറേഷന്‍, ജില്ലാഭരണസംവിധാനം എന്നിവയുടെ നേതൃത്വത്തില്‍ മത്സരവേദികള്‍, പരിശീലന വേദികള്‍ എന്നിവയുടെ സിവില്‍, വൈദ്യുതി, പരിശീലന സംവിധാനങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു. ജൂണ്‍ അവസാനത്തോടെ വേദിയും അനുബന്ധ വേദികളും പൂര്‍ണമായും സജ്ജമാകും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍, തെരുവുവിളക്കുകളുടെ പ്രവര്‍ത്തനവും ഗുണനിലവാരവും, നഗര ശുചിത്വം, മാലിന്യനിര്‍മാര്‍ജനം, ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍ എന്നീ കാര്യങ്ങളില്‍ ആവശ്യമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.