Section

malabari-logo-mobile

ഫിദലിന് ഒരു ഗീതം

HIGHLIGHTS : നീ പറഞ്ഞു, സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്. നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന മുതലയെ വിമോചിപ്പിക്കാന്‍ ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ

fidelക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയെ കുറിച്ച് ചെഗുവേര എഴുതിയ കവിത മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്തത്.

ഫിദലിന് ഒരു ഗീതം

sameeksha-malabarinews

നീ പറഞ്ഞു,
സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്.
നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന
മുതലയെ വിമോചിപ്പിക്കാന്‍
ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.
ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.
ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍
മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും.
ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം.
അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സ്വേച്ഛാധിപതികള്‍ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില്‍ അവസാനിക്കും.
അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദങ്ങളുമായി
അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും.
സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക്
ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല
ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം.
ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍,
അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍
തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!