ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം; മുഖ്യമന്ത്രി പിണറായി വിജയൻ 

തിരുവന്തപുരം:  പനിയും മറ്റ്  പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ  പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു . രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക- സാംസ്‌കാരിക-സന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.

മാലിന്യ നിർമ്മാർജ്ജനത്തിന്  പൊതുജന സഹകരണത്തോടെ സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി വരികയാണ് . എന്നാൽ അതിൽ പൂർണ്ണ വിജയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല . ഈ സാഹചര്യമാണ്
പകർച്ചപ്പനി വ്യാപിക്കാൻ ഇടയാക്കുന്നത് . മാലിന്യ നിർമ്മാർജ്ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളിൽ പനി വ്യാപിക്കുന്നതിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു .

പനി വ്യാപിക്കുന്നത് തടയാനും രോഗം ബാധിച്ചവർക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട് . എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യത്തിന്  മരുന്നും  ഡോക്ടമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് . മാലിന്യ നിർമാർജ്ജനം പൂർണ്ണമാക്കുകയും ശുചീകരണത്തിൽ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികളെ അകറ്റി നിർത്താൻ കഴിയില്ല . വ്യക്തി ശുചിത്വം മാത്രം പോരാ ,വീടും പരിസരവും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തിയായി   സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട് . പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ജനങ്ങളാകെ ഒറ്റ മനസ്സോടെ ശുചീകരണപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി  അഭ്യർത്ഥിച്ചു .

Related Articles