ഫെബ്രുവരി 10 ലെ ലോക് അദാലത്ത് പ്രയോജനപ്പെടുത്തണം- ഗവര്‍ണര്‍

വളരെക്കാലമായി തീര്‍പ്പാക്കാതെ കിടക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഫെബ്രുവരി 10 ന് സംസ്ഥാനത്തെ എല്ലാകോടതികളിലും നടത്തുന്ന ദ്വൈമാസ ലോക് അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം ജനങ്ങളോടഭ്യര്‍ത്ഥിച്ചു. കോടതി വ്യവഹാരങ്ങള്‍ക്കു പുറമേ മോട്ടോര്‍ വാഹന അപകട ക്ലെയിം, റവന്യൂ കേസുകള്‍, ആദായ-വില്പന നികുതി സംബന്ധവും, വൈദ്യുതി, ജലവിതരണം (മോഷണകേസ് ഒഴികെ), ശമ്പളവും പെന്‍ഷനുമുള്‍പ്പടെയുള്ള സര്‍വീസ് കേസുകള്‍, സര്‍വേ അതിര്‍ത്തി തര്‍ക്കങ്ങള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴില്‍ത്തര്‍ക്കം, പിന്‍തുടര്‍ച്ചാവകാശത്തര്‍ക്കം തുടങ്ങിയവ ലോക് അദാലത്ത് കൈകാര്യം ചെയ്യും. നിയമ അതോറിറ്റികളും സമിതികളുമായുള്ള ഫലപ്രദമായ സമ്പര്‍ക്കത്തിലൂടെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ അദാലത്തിനു മുന്നിലെത്തിക്കാന്‍ അധികാരികളുടെ സജീവ സഹകരണം ഉണ്ടാകണമെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. ഫെബ്രുവരി 10 ന് ശേഷം  ഏപ്രില്‍ 14, ജൂലൈ 14, സെപ്റ്റംബര്‍ എട്ട്, ഡിസംബര്‍ എട്ട് എന്നീ തീയതികളിലും അദാലത്ത് നടത്തും.