ബാപ്പയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്; പ്രൊഫ. ഇപി മുഹമ്മദലിക്ക് ഓര്‍മ്മകളില്‍ നിറയുന്നത് ആദര്‍ശരാഷ്ട്രീയത്തിന്റെ വെണ്‍മ

unnamedപരപ്പനങ്ങാടി : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവും തടവും അനുഭവിച്ചറിഞ്ഞ് അങ്കകളരിയിലും, അണിയറയിലും നിറഞ്ഞു നില്‍ക്കുന്ന സിപിഐ നേതാവ് പ്രൊഫ. ഇപി മുഹമ്മദലിയുടെ മുന്നില്‍ ഇത്തവണ ഇരുള്‍ മുറ്റുന്നു. 106 ന്റെ നിറവിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ദിശാബോധമേകി 3 വര്‍ഷം മുമ്പാണ് ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനും സ്വാതന്ത്രസമരസേനാനിയുമായ കിഴക്കിനിയകത്ത് കോയകുഞ്ഞിനഹ വിട പറഞ്ഞത്. ഓര്‍മ്മവെച്ച കാലം മുതല്‍ മുഹമ്മദലിക്ക് പിതാവിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സജീവത നേര്‍ കാഴ്ചയായിരുന്നു. 1952 ല്‍ മദ്രാസ് അംസബ്ലിയിലേക്ക് സ്ഥാനാര്‍ത്ഥിയായി അംഗം കുറിച്ച നഹ 1965 ലും, 1980 ലും അടുത്ത രക്തബന്ധുവായ അവുക്കാദര്‍ കുട്ടി നഹക്കെതിരെ അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ അംഗം കുറിച്ചു. മതത്തിലും, രാഷ്ട്രീയത്തിലും ആദര്‍ശപരമായ മൗലികത നെഞ്ചോട് ചേര്‍ത്ത കോയകുഞ്ഞി നഹ മകന്‍ മുഹമ്മദലിക്കെതിരെ 1971 ല്‍ മഞ്ചേരി മണ്ഡലത്തില്‍ ലീഗ് നേതാവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയതും ആദര്‍ശ രാഷ്ട്രീയത്തിന്റെ ഭാഗം.

എംഎ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയായ മുസ്ലീം ചെറുപ്പക്കാരനെ സ്വതന്ത്ര വേഷത്തില്‍ ഉയര്‍ത്തികാട്ടി മഞ്ചേരി മണ്ഡലത്തില്‍ ഇപി മുഹമ്മദലിയെ ലീഗ് ദേശീയ നേതാവ് ഖാളദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ#ിനെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എന്നാല്‍ അക്കാലത്ത് സിപിഐ ആകട്ടെ മുന്നണിയിലും കോയകുഞ്ഞി നഹക്ക് രണ്ട് വട്ടം ആലോചിക്കേണ്ടി വന്നില്ല. മകന്‍ മുഹമ്മദലിക്കെതിരെ മണ്ഡലത്തില്‍ ഉടനീളം നടന്ന് നൂഹ് നബിയുടെ മക ന്റെ പര്യവസാന ചരിത്രം ഉണര്‍ത്തി ഇസ്മായില്‍ സഹിബിന് വേണ്ടി വോട്ട് പിടിച്ചു. എന്നാല്‍ ബാപ്പയുടെ ആദര്‍ശ ബോധത്തില്‍ ഇന്നും പ്രൊഫ. ഇപി മുഹമ്മദലി അഭിമാനം കൊള്ളുന്നു. അന്ന് ലീഗുകാര്‍ വിളിച്ച മുദ്രാവാക്യം മുഹമ്മദലിയുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ‘എംഎ ക്കാരാ മയ്മാലി ബാപ്പ പറഞ്ഞത് കേക്കാത്തോനെ അന്നെ ഞമ്മള് പൊട്ടിക്കും’. ബാപ്പ പറഞ്ഞത് കേള്‍ക്കാത്തതിന്റെ പൊരുള് മുഹമ്മദലിക്ക് മനസ്സിലായി. അധികം താമസിയാതെ സിപിഎം ക്യാമ്പ് വിട്ട് പ്രൊഫ. ഇപി മുഹമ്മദലി ബാപ്പയുടെ പാര്‍ട്ടിയില്‍ സജീവമായി.
1987 ല്‍ തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപി കുഞ്ഞാലികുട്ടിക്കേയിക്കെതിരെ സ്വന്തം നാട്ടില്‍ തിരഞ്ഞെടുപ്പ് പോരിനിറങ്ങി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോളും തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോഴും ജില്ലയിലെ സിപിഐയുടെ തറവാട് മുറ്റമായ മലയംപാട്ട് വീട്ടില്‍ ബാപ്പയുടെ നിര്‍ദ്ദേശങ്ങളാണ് പ്രൊഫ. ഇപി മുഹമ്മദലിക്ക് വെളിച്ചമാകാറ്. ആ വെളിച്ചമാണ് നൂറ്റാണ്ടിന്റെ കര്‍മ്മസാക്ഷ്യം പൂര്‍ത്തിയാക്കി ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി അണഞ്ഞുപോയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ പൊന്നാനി മണ്ഡലം സിപിഐയില്‍ നിന്ന് സിപിഎം കയ്യടക്കിയതിനാല്‍ പ്രൊഫസ്സര്‍ ഇപി സാറിനും മലയമ്പാട്ട് തറവാട്ടിനും മുമ്പെത്തെ അപേക്ഷിച്ച് തിരക്കില്‍ നേരിയ ആശ്വാസമുണ്ട്. ബാപ്പ പറഞ്ഞത് കേള്‍ക്കാന്‍ മുഹമ്മദലി സാറ് വയനാട്ടിലേക്ക് വണ്ടി കയറും. എന്നാല്‍ എംഎ ബിരുദാനന്തര ബിരുദമെടുത്തതിന്റെ പേരില്‍ എന്തിനും ലീഗുകാര്‍ അധിക്ഷേപിച്ചു എന്നതിന്റെ ഉത്തരം ഇന്നും മുഹമ്മദലിക്ക് മനസ്സിലായിട്ടില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് മൂല്യബോധമുള്ള ഉപദേശങ്ങളും, വിമര്‍ശനങ്ങളും കേട്ട് മൂല്യബോധമുള്ള എതിരാളികളോട് ഏറ്റുമുട്ടാന്‍ സാധിച്ചു എന്നതും വിജയമായിരുന്നുവെന്നാണി മുന്‍ പിഎസ്എസ്സി മെമ്പര്‍ കൂടിയായി പ്രൊഫ. ഇപി മുഹമ്മദലിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്വയം വിലയിരുത്തല്‍.