ഫേസ് ബുക്കില്‍ അമൃതാനന്ദമയിക്കെതിരെ പോസ്റ്റ്; കോട്ടയം സ്വദേശിയായ യുവാവിനോട് ഹാജരാകാന്‍ പോലീസ്

amritanandamayiകോട്ടയം: ഫേസ്ബുക്കില്‍ മാതാ അമൃതാനന്ദമയിക്കെതിരെയുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് കോട്ടയം സ്വദേശിയായ യുവാവിനോട് പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം.

കരുനാഗപള്ളി പോലീസാണ് കോട്ടയം സ്വദേശിയായ പ്രവീണ്‍ എന്ന യുവാവിനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിച്ചിരിക്കുന്നത്. സോഷ്യല്‍ സൈറ്റുകളില്‍ അമൃതാനന്ദമയിക്കെതിരെ പോസ്റ്ററുകള്‍ ഇടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അമൃതാന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കാണിച്ച് ഭക്തര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി ആരംഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വല്‍ ‘ഹോളിഹെല്‍ :എ മെമ്മര്‍ ഓഫ് ഫേത്ത്, ഡിവോഷന്‍ ആന്റ് പ്യുവര്‍ മാഡ്‌നസ്സ്’ എന്ന പുസ്തകത്തില്‍ അമൃതാനന്ദമയിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അനേ്വഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു.

അതേസമയം അമൃതാനന്ദമയി ആശ്രമത്തില്‍ നടന്ന കാര്യങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും മഠത്തില്‍ നടക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ആശ്രമങ്ങളിലേക്കെത്തുന്ന ഫണ്ടുകളെ കുറിച്ചും അവ കേന്ദ്രീകരിച്ചിട്ടുള്ള വിഘടനവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചും അനേ്വഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കേരള രക്ഷാ യാത്രയുടെ ഭാഗമായി വയനാട്ടില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടയിലാണ് പിണറായി അമൃതാനന്ദമായി മഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ അമൃതാനന്ദമയിയെ പൂര്‍ണ്ണമായും ന്യായീകരിക്കുന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. അമൃതാനന്ദമയിയും, മഠവും നല്‍കുന്ന സംഭാവനകള്‍ മറക്കരുതെന്നും സുനാമികാലത്ത് അവര്‍ ചെയ്ത സേവനങ്ങള്‍ പിണറായി ഓര്‍ക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.